‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’! മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിച്ച ചിത്രം ‘രാജാവിന്റെ മകന്’ 36 വയസ്സ്!
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ പിറന്ന രാജാവിന്റെ മകന്‍. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ കഥ എഴുതിയത് രാജീവും, സംഭാഷണവും, തിരക്കഥയും നിര്‍വ്വഹിച്ചത് ഡെന്നീസ് ജോസഫുമാണ്. 1986ലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക വിജയം സ്വന്തമാക്കിയ ചിത്രമാണ് രാജാവിന്റെ മകന്‍. മാത്രമല്ല മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ നായക പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രവും കൂടിയാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിക്കാവുന്ന ചിത്രം തന്നെയാണിത്. ചിത്രം റിലീസ് ആയിട്ട് ഏകദേശം 35 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആ സിനിമയും അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല എന്നതാണ് സത്യം.
രാജാവിന്റെ മകന്‍ എന്ന ചിത്രത്തേക്കാള്‍ പ്രേക്ഷകര്‍ എപ്പോഴും ഓര്‍മ്മിക്കുന്ന, അല്ലെങ്കില്‍ അവരുടെ മനസ്സില്‍ ജീവിക്കുന്ന ഒന്നാണ് അതിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം. രാജാവിന്റെ മകനു മുമ്പും ശേഷവും നിരവധി ആക്ഷന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ചെയ്തിട്ടുണ്ടെങ്കിലും രാജാവിന്റെ മകന്‍ ഉണ്ടാക്കിയ തരംഗം ഒന്ന് വേറെ തന്നെയാണ്. അതുവരെ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രങ്ങള്‍ എടുത്ത് നോക്കിയാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റെ വിന്‍സെന്റ് ഗോമസ് എന്നത്.
മോഹന്‍ലാലിന്റെ പല ഡയലോഗുകളും ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ടെങ്കിലും അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്നത്. വിന്‍സന്റ് ഗോമസ് എന്ന മോഹന്‍ലാല്‍ കഥാപാത്രം അഡ്വ. ആന്‍സിയോട് പറയുന്ന ഡയലോഗാണിത്. ചിത്രത്തിലെ ഈ ഡയലോഗ് ഏറ്റുപറയുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറേയും. അതേസമയം, സംവിധായകന്‍ തമ്പി കണ്ണന്താനം കഴിഞ്ഞ വര്‍ഷം ലോകത്തോട് വിട പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ പങ്കുവച്ച ഓര്‍മകളിലും രാജാവിന്റെ മകന്‍ എന്ന ചിത്രം ഉണ്ടായിരുന്നു. ഈ സിനിമ റീമേക്ക് ചെയ്യണം എന്ന മോഹം ഇപ്പോഴും അവശേഷിക്കുന്നതായി അന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതേസമയം, 2016ല്‍ മോഹന്‍ലാല്‍ പുതുതായി വാങ്ങിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന് 2255 എന്ന നമ്പര്‍ നല്‍കുകയുമുണ്ടായി.