14 വർഷത്തെ അഭിനിവേശം….!!! ‘ആടുജീവിതം’ ഗ്രാന്റ് റിലീസിന് ആശംസയുമായി സൂര്യ
മലയാളി സിനിമാപ്രേമികളില്‍ ആടുജീവിതം സൃഷ്ടിച്ച കാത്തിരുപ്പ് അപൂര്‍വ്വം ചിത്രങ്ങളേ സൃഷ്ടിച്ചിട്ടുള്ളൂ. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മറുഭാഷാ സിനിമാപ്രേമികള്‍ക്കും ഈ ചിത്രത്തില്‍ കൗതുകമുണ്ട്. അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസുമാണ് ചിത്രത്തിന്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
ഇപ്പോഴിതാ ‘ആടുജീവിത’ത്തിന് ആശംസയുമായി നടൻ സൂര്യ. 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം എന്ന സിനിമയെന്നും ചിത്രത്തിന്റെ ഗ്രാന്റ് റിലീസിന് എല്ലാവിധ ആശംസകൾ എന്നും സൂര്യ പറഞ്ഞു. ആടുജീവിതം ട്രെയിലർ പങ്കുവച്ചു കൊണ്ടിരുന്നു സൂര്യയുടെ ആശംസ. ‘അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകൾ’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. പിന്നാലെ പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മുൻപ് ആടുജീവിതത്തിനായി സൂര്യ പരിഗണിച്ചിരുന്നുവെന്ന് ബ്ലെസി തുറന്നു പറഞ്ഞിരുന്നു. ‘സൂര്യയോട് മുൻപ് കഥ പറഞ്ഞിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകൾ നടത്തേണ്ടി വരുമെന്നും അപ്പോൾ തന്നെ സൂചിപ്പിച്ചു. സൂര്യക്ക് കഥയും വളരെയധികം ഇഷ്ടമായി. എന്നാൽ ആ സമയത്ത് ശാരീരികമായി ഒരുപാട് ബുദ്ധിമുട്ട് എടുക്കാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. സമാനമായ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്തിരുന്നു. വാരണം എന്ന സിനിമയ്ക്ക് വേണ്ടി ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയമായിരുന്നു അത്, അതാണ് ചിത്രം ഉപേക്ഷിച്ചത്’, എന്ന് ബ്ലെസി പറഞ്ഞിരുന്നു.