ലാസ് വേ​ഗാസില്‍ നിന്നുമുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങൾ വൈറൽ
1 min read

ലാസ് വേ​ഗാസില്‍ നിന്നുമുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങൾ വൈറൽ

മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ഒന്നായിരുന്നു മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ഈ പ്രേക്ഷകപ്രതീക്ഷയ്ക്ക് കാരണം. ഇതുപോലെ ബിഗ് ക്യാൻവാസിൽ ഒരുങ്ങുന്ന മറ്റ് മോഹൻലാൽ ചിത്രങ്ങളാണ് എമ്പുരാൻ, ബറോസ്. ഇതിൽ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന, ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗമായ എമ്പുരാന്‍ അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യുഎസിലെ ലാസ് വേ​ഗാസില്‍ നിന്നുമുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

https://www.facebook.com/share/r/VcfRmygydmDyDYyq/?mibextid=xCPwDs

ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇത്. വെള്ള നിറത്തിലുള്ള കാഷ്വല്‍ വെയറിലാണ് ചിത്രങ്ങളില്‍ മോ​ഹന്‍ലാല്‍. തൊപ്പിയും സ്പെക്സുമൊക്കെയായി സ്റ്റൈല്ഷ് ലുക്കിലാണ് അദ്ദേഹം. ആരാധകരോട് അകലമൊന്നും പാലിക്കാതെ ഹൃദ്യമായി ഇടപെടുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. എമ്പുരാന്‍റെ ചിത്രീകരണത്തിനൊപ്പം തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസിന്‍റെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടും മോഹന്‍ലാലിന് അമേരിക്കയില്‍ എത്തേണ്ടിയിരുന്നു.

മലയാളത്തില്‍ ഏറ്റവുമധികം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ എമ്പുരാന്‍ ആയിരിക്കും. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ഒരു പ്രധാന ലൊക്കേഷനാണ്. വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.