ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ചു; ആരാധകരെ വീട്ടില്‍ വിളിച്ചുവരുത്തി വഴക്ക് പറഞ്ഞ് സൂര്യ
തമിഴ് സിനിമാ നടന് ആണെങ്കിലും മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനാണ് സൂര്യ. താരത്തിന് തമിഴിലെന്ന പോലെ മലയാളത്തിലും വലിയൊരു ആരാധക പ്രവാഹം തന്നെയുണ്ട്. കേരളത്തില്‍ സൂര്യ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണുന്നതിനും, ഫോട്ടോ എടുക്കുന്നതിനുമായി കുറേയേറെ ആരാധകര്‍ എത്താറുണ്ട്. ചലച്ചിത്ര രംഗത്തെ ഉയര്‍ന്ന പദവിയിലിരിക്കുന്ന താരത്തെ എപ്പോഴും വ്യത്യസ്തതമാക്കുന്നത് ആളുകള്‍ക്കിടയിലെ അദ്ദേഹത്തിന്റെ പെരുമാറ്റ രീതിയാണ്.
ഇപ്പോഴിതാ, താരത്തെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചുമുള്ള വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടില്‍ വിളിച്ചുവരുത്തി വഴക്ക് പറഞ്ഞതാണ് ആ വാര്‍ത്ത. സൂര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച എന്‍.ജി.കെ എന്ന സിനിമ റിലീസ് ആയ ദിവസങ്ങളില്‍ തമിഴ്നാട്ടിലെ തിരുത്തണ്ണയില് സൂര്യ ആരാധകര്‍ അദ്ദേഹത്തിന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തുകയുണ്ടായി.
തമിഴ്നാട്ടില്‍ അന്നേവരെ വച്ചതില്വച്ച് ഏറ്റവും വലിയ കട്ടൗട്ട് ആയിരുന്നു അത്. കട്ടൗട്ടിലെ പാലഭിഷേകവും മറ്റും ആഘോഷ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട സൂര്യ ആരാധകരെ വീട്ടിലേക്ക് ക്ഷണിക്കുകയും, ആരാധകനെ വഴക്ക് പറയുകയും ചെയ്തു.
എന്നാല്‍ സൂര്യയുടെ ക്ഷണത്തില്‍ ഏറെ സന്തോഷത്തോടെ വീട്ടിലെത്തിയതായിരുന്നു ആ ആരാധകര്‍. ഏഴര ലക്ഷം രൂപയോളം ചെലവിട്ട നിങ്ങള്‍ ഉയര്‍ത്തിയ ആര്‍ക്കും വേണ്ടാത്ത ആ കട്ടൗട്ടിന്റെ പൈസ കൊണ്ട് ദാരിദ്ര്യത്തില്‍ ജീവിക്കുന്ന എത്ര കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും, എത്ര പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുവാന്‍ സാധിക്കുമെന്നും, ഇതൊന്നും ചെയ്യാതെ നിങ്ങള്‍ എന്തിനാണ് വെറുതെ ഒരു കട്ടൗട്ട് ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്നായിരുന്നു സൂര്യ ആ ആരാധകരോട് ചോദിച്ചത്. കൂടാതെ, ഇതുപോലെയുള്ള കട്ടൗട്ടുകള്‍ ഉയര്‍ത്തരുതെന്ന് സൂര്യ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.