ലോക ചിത്രങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നൊരു പടം മാത്രം…!! വമ്പൻ നേട്ടം സ്വന്തമാക്കി മമ്മൂട്ടിയുടെ ഭ്രമയുഗം
1 min read

ലോക ചിത്രങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നൊരു പടം മാത്രം…!! വമ്പൻ നേട്ടം സ്വന്തമാക്കി മമ്മൂട്ടിയുടെ ഭ്രമയുഗം

 

 

മലയാള സിനിമയ്ക്ക് സൂവർണ കാലഘട്ടം കൂടി സമ്മാനിച്ച വർഷം ആയിരുന്നു 2024. ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ഒപ്പം തന്നെ, പുത്തൻ സാങ്കേതികമികവിന് ഇടയിൽ ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പരീക്ഷണം കൂടി ഈ നാളുകളിൽ നടന്നു. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ് ഭ്രമയുഗം ആയിരുന്നു ആ ചിത്രം. അൻപത് കോടി ക്ലബ്ബിൽ ഇടംനേടിയ ആദ്യ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമെന്ന ഖ്യാതിയും ഭ്രമയുഗത്തിന് സ്വന്തമായിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത മാസങ്ങൾ പിന്നിട്ട ശേഷം വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

ഹോളിവുഡ്, ജാപ്പനീസ് തുടങ്ങിയ ചിത്രങ്ങളോട് കിടപിടിച്ചാണ് ഭ്രമയുഗം പുത്തൻ നേട്ടം കൊയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2024ലെ മികച്ച ഹോറർ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റിൽ ആണ് ഭ്രമയുഗം ഇടംപിടിച്ചിരിക്കുന്നത്. എന്റർടെയ്ൻമെന്റ് സൈറ്റായ ലെറ്റർബോക്‌സ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. പത്ത് ഹൊറർ സിനിമകളിൽ രണ്ടാം സ്ഥാനമാണ് ഭ്രമയുഗത്തിന്.

ദ സബ്സ്റ്റാൻസ് ആണ് ലിസ്റ്റിൽ ഒന്നാമതുള്ള സിനിമ. കോറലി ഫാർഗേറ്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഡെമി മൂർ, മാർഗരറ്റ് ക്വാലി, ഡെന്നിസ് ക്വയ്ഡ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലിസ്റ്റിൽ രണ്ടാമത് ഭ്രമുഗം ആണ്. മൂന്നാമത് ചിമി(Chime) എന്ന ചിത്രമാണ്. കിയോഷി കുറസോവ സംവിധാനം ചെയ്ത ചിത്രം ജാപ്പനീസ് ഭാഷയിലാണ് റിലീസ് ചെയ്തത്.