സുവർണ്ണ ലിപികളിൽ തിളങ്ങുന്ന കോലാറിന്റെ ചരിത്രം; ദൃശ്യസമ്പന്നതയുടെ അത്ഭുതമായ് ‘തങ്കലാൻ’ റിവ്യൂ വായിക്കാം
ഇന്ത്യൻ സിനിമയിൽ തന്നെ വേഷപ്പകർച്ചകളിൽ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ചിയാൻ വിക്രം. ലഭിക്കുന്ന സിനിമകളിൽ വേറിട്ട കഥാപാത്രമായി മാറാനുള്ള വിക്രത്തിന്റെ കഷ്ടപ്പാടുകളും അതിനായുള്ള ശാരീരകവും മാനസികവുമായ തയ്യാറെടുപ്പുകളുമൊക്കെ എന്നും ചർച്ചയായിട്ടുണ്ട്. വിക്രത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമെന്ന് വിശേഷിപ്പിക്കാം പാ രഞ്ജിത്ത് ഒരുക്കിയ ‘തങ്കലാൻ’ എന്ന കഥാപാത്രം. അത്രമാത്രം ശക്തമാണ് ഈ കഥാപാത്രം.
മനുഷ്യരെ എന്നും ഭ്രമിപ്പിച്ചിട്ടുള്ള മഞ്ഞ ലോഹത്തിന്റെ ചരിത്രമുറങ്ങുന്ന കോലാറിലെ സ്വര്‍ണ ഖനിയില്‍ തങ്കലാനെ പാ രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത് വ്യക്തവും സൂക്ഷമവും കൃത്യവുമായ തിരക്കഥയുടെ പിൻബലത്തിലാണ്. മുൻ സിനിമകളെ പോലെ തന്നെ ശക്തമായ രാഷ്ട്രീയവും ചിത്രത്തിൽ ഉള്‍ചേർത്തിട്ടുണ്ട് അദ്ദേഹം. അതിനാൽ തന്നെ ചിയാന്‍ വിക്രമിന്റെ മാസ് രംഗങ്ങളേക്കാള്‍ സിനിമ എന്ത് ആവശ്യപ്പെടുന്നുവോ അത് പാകത്തിന് പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. മെൽ ഗിബ്സന്റെ അപ്പൊക്കാലിപ്റ്റൊ എന്ന ഇതിഹാസ ചിത്രം സമ്മാനിച്ച സമാനമായൊരു അത്ഭുതമാണ് തങ്കലാനും നൽകിയത്.
പ്രേക്ഷകരെ വിസ്മയിപ്പിക്കാനും അമ്പരപ്പിക്കാനും തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനും പറ്റുന്നൊരു അസാധ്യ മേക്കിംഗാണ് തങ്കലാന്റേത്. കൃഷിപ്പണിക്കാരായ ആര്‍ക്കോട്ടെ ഗ്രാമീണർ ബ്രിട്ടീഷുകാരോടൊപ്പം കോലാറിലേക്ക് പൊന്നു തേടി നടത്തുന്ന യാത്രയും തുടർ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ജന്മിമാരുടെ അടിമകളും തൊട്ടുകൂടാത്തവരുമായി കഴിഞ്ഞ ഒരു ജനതയുടെ തേങ്ങലുകളും കൂലിപോലുമില്ലാതെ തന്റെ തന്നെ ഭൂമിയിൽ കൃഷിചെയ്ത് ജീവിക്കേണ്ടിവരുന്നവരുടെ നിസ്സഹായവസ്ഥയും അതിൽ നിന്നും സ്വാതന്ത്ര്യം സ്വപ്നം കാണുന്നവരിലേക്കുള്ള മനുഷ്യരുടെ പ്രയാണവും സിനിമ അടയാളപ്പെടുത്തുന്നുണ്ട്.
വെള്ളത്തോടൊപ്പം പൊന്നും ഒഴുകിയെത്തിയ പൊന്നാറും കടന്ന് ആനമലയിലേക്കുള്ള ഗ്രാമീണരുടെ യാത്രയോടൊപ്പം യാഥാര്‍ഥ്യവും സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും മിത്തും രാഷ്ട്രീയവും കാൽപ്പനികതയും ചരിത്രവും ചേർത്തുവെച്ചതാണ് സിനിമയുടെ തിരക്കഥ. സിനിമയിൽ വിക്രത്തിന്റെ തങ്കലാനോളം തന്നെ ശക്തമായ വേഷമാണ് തങ്കലാന്റെ ഭാര്യ ഗംഗമ്മയായെത്തിയിരിക്കുന്ന പാർവ്വതിയുടേത്. കരിയറിൽ തന്നെ ഇതുവരെ കാണാത്തൊരു പാർവതിയെ ചിത്രത്തിൽ കാണാനാകും. ഒപ്പം മാളവിക, പശുപതി തുടങ്ങി ഒട്ടേറെ താരങ്ങളും വ്യത്യസ്തമായ വേഷങ്ങളും സിനിമയിലുണ്ട്.
സിനിമയുടെ സംവിധാന മികവിനോടൊപ്പം കലാസംവിധായകൻ എസ് എസ് മൂര്‍ത്തിയുടെ കലാസംവിധാന മികവും എടുത്തുപറയേണ്ടതാണ്. ചരിത്രത്തോടും വസ്തുതകളോടും നീതി പുലർത്തുന്നതാണത്. അതോടൊപ്പം തന്നെ പ്രകൃതിയും മനുഷ്യരും കൊമ്പുകോർക്കുന്ന ദൃശ്യങ്ങൾ ഉള്‍പ്പെടെ ഞെട്ടിപ്പിക്കുന്ന രീതിയിൽ പകർത്തിയിരിക്കുന്ന കിഷോർ കുമാറിന്റെ ഛായാഗ്രഹണ മികവും സെൽവയുടെ ചിത്രസംയോജനവും ജിവി പ്രകാശ് കുമാറിന്റെ ഉള്ളുതൊടുന്ന സംഗീതവുമെല്ലാം ചിത്രത്തെ ഒരു ദൃശ്യവിസ്മയം തന്നെയാക്കിയിരിക്കുകയാണ്. വിഎഫ്ക്സ് രംഗങ്ങളും കൺവിൻസിംഗ് ആയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ എല്ലാം തികഞ്ഞൊരു പിരിയോഡിക് ആക്ഷൻ അഡ്വഞ്ചർ ഡ്രാമയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.