നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന കഥാപാത്രമാണ്, അടുത്ത കാലത്ത് അഭിനയിച്ചതിൽ ഗംഭീര സ്ക്രിപ്റ്റ് ; കിഷ്‌കിന്ധാ കാണ്ഡത്തെക്കുറിച്ച് വിജയരാഘവൻ
1 min read

നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന കഥാപാത്രമാണ്, അടുത്ത കാലത്ത് അഭിനയിച്ചതിൽ ഗംഭീര സ്ക്രിപ്റ്റ് ; കിഷ്‌കിന്ധാ കാണ്ഡത്തെക്കുറിച്ച് വിജയരാഘവൻ

ഗുഡ്വില്‍ എന്റെര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച്, ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രയ്ലർ പുറത്തിറങ്ങിയിരുന്നു. ഏറെ ആകര്‍ഷണീയമായ കഥാപശ്ചാത്തലവും രംഗങ്ങളുമുള്ള ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ഓണം ആസിഫ് അലി തൂക്കും, ആസിഫ് അഭിനയിക്കുകയല്ല ജീവിക്കുകയാണ്, ത്രില്ലിങ് ട്രെയിലര്‍, സിനിമയുടെ വിജയം ഉറപ്പിക്കാം എന്നൊക്കെയാണ് ട്രെയിലറിന് താഴെ വരുന്ന പ്രേക്ഷകരുടെ കമന്റുകള്‍.

ഇപ്പോഴിതാ സിനിമയില്‍ ഒരു പ്രധാന വേഷത്തിൽ നടൻ വിജയരാഘവനും എത്തുന്നുണ്ട്. സ്ക്രിപ്റ്റ് ആണ് കിഷ്കിന്ധ കാണ്ഡത്തിന്റെ ഏറ്റവും വലിയ ഹൈലെെറ്റെന്ന് വിജയരാഘവന്‍ പറയുന്നു. റിപ്പോര്‍ട്ടർ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അടുത്ത കാലത്ത് അഭിനയിച്ചതിൽ ഗംഭീര സ്ക്രിപ്റ്റ് ആണ് ഈ സിനിമയുടേത്. നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന കഥാപാത്രമാണ് തന്റേത്. പ്രേക്ഷകരില്‍ ആകാംക്ഷ ഉണ്ടാക്കുന്ന, അടുത്തത് എന്താണെന്ന് ഉദ്വേഗത്തോടെ ചിന്തിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ കഥപറച്ചിലെന്നും അദ്ദേഹം പറഞ്ഞു.

‘അച്ഛനും മകനും തമ്മിലുള്ള ഒരു ബോണ്ടിന്റെ കഥ ഈ സിനിമയിലുണ്ട്. അച്ഛൻ, മകൻ സിനിമ ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്, അങ്ങനെയൊരു സിനിമ ചെയ്യാമെന്ന് ഞാൻ ആസിഫിനോട് പറയുമായിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുൽ എട്ട് ദിവസം കൊണ്ടാണ് ഈ കഥയെഴുതിയതെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ മുഴുവൻ സിനിമയും വിഷ്വലായി ഉണ്ടായിരുന്നു. അത് പേപ്പറിലേക്ക് പകർത്തിയത് എട്ട് ദിവസം കൊണ്ടെന്ന് പറയുന്നതാകും ശരി.’ എന്നും വിജയരാഘവൻ പറഞ്ഞു.

ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അപര്‍ണ്ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള് ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.