‘ഞാന്‍ ഇങ്ങനെയാണ്, അച്ഛനേയും അമ്മയേയും പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും’ ; ഉണ്ണിമുകുന്ദന്‍
കഴിഞ്ഞ ദിവസമാണ് ഒരു വ്ളോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുടെ റിവ്യൂ കണ്ട ഉണ്ണിമുകുന്ദന്‍, അതില്‍ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനായി യൂട്യൂബറെ നേരിട്ട് വിളിക്കുകയും അത് പിന്നീട് വഴക്കില്‍ കലാശിക്കുകയും ചെയ്തിരുന്നു. പിന്നീട് 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്ളോഗര്‍ പുറത്തുവിടുകയും അത് വൈറലാവുകയും ചെയ്തു. വീഡിയോയില്‍ കടുത്ത വാഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമര്‍ശിച്ചതിന് നടന്‍ തന്നെ തെറിവിളിച്ചെന്നും വ്ളോഗര്‍ പറഞ്ഞു. എന്നാല്‍, സിനിമയിലഭിനയിച്ച കുട്ടിയെയും തന്റെ മാതാപിതാക്കളെയും അപമാനിച്ചതിനെ തുടര്‍ന്നാണ് താന്‍ പ്രകോപിതനായതെന്നാണ് ഉണ്ണി മുകുന്ദന്റെ വാദം.
https://www.facebook.com/watch/?v=1250849419113129
കഴിഞ്ഞ ദിവസം, കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയില്‍ ആ വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. അച്ഛനും അമ്മയുമാണ് തന്നെ വളര്‍ത്തി വലുതാക്കിയ ദൈവമെന്ന് പറഞ്ഞ ഉണ്ണി മുകുന്ദന്‍, അവരെ തെറി പറഞ്ഞാല്‍ എത്ര വലിയ ആളാണെങ്കിലും തിരിച്ചു പറയുമെന്നും, അതിന് ഭീഷണിപ്പെടുത്തുന്നതോ, വോയ്‌സ് റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിടുന്നതോ തനിക്ക് പ്രശ്‌നമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. യൂട്യൂബറുമായുള്ള വിഷയത്തില്‍ തന്റെ നിലപാട് ഉറപ്പിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.
പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ട്. എന്നാല്‍ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കുമെന്ന് നടന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ സിനിമാ മേഖലയില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷത്തോടെ പുറത്തു പോകും. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തില്‍ ഒന്നും നേടാനില്ല എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പ്രതികരണത്തില്‍ ഏറെ വികാരഭരിതനായാണ് ഉണ്ണി മുകുന്ദന്‍ തന്റെ പ്രസംഗം ആരംഭിച്ചത്.
ഞാന്‍ വളര്‍ന്ന സാഹചര്യവും എന്നെ വളര്‍ത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. അതിനെ ചോദ്യം ചെയ്താല്‍ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ല. ഇനിയും ഇതുപോലെ ആവര്‍ത്തിച്ചാല്‍ ഞാന്‍ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും. കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമര്‍ശിക്കാം. വിമര്‍ശനങ്ങളിലൂടെ വളര്‍ന്നുവന്നയാളാണ് ഞാന്‍. പൈസ മുടക്കി സിനിമ കാണുന്ന ആള്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ പൂര്‍ണ അവകാശമുണ്ട്. അതിനെ ഞാന്‍ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നു.”ഉണ്ണി മുകുന്ദന്‍ പറഞ്ഞു.