മാളികപ്പുറത്തിന്റെ വമ്പന്‍ വിജയം; ശരണം വിളിച്ച് സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്
മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. ചിത്രം തിയേറ്ററുകളില്‍ എത്തിയതോടെ എങ്ങും ഹൗസ്ഫുള് ഷോകളാണ് കാണാന്‍ സാധിക്കുന്നത്. ചിലയിടങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല എന്ന പരാതിയുമുണ്ട്. മാത്രമല്ല, ഇതുവരെ തിയേറ്ററുകളില്‍ പോയി സിനിമ കാണാത്തവരും, പ്രായമായവരും കുട്ടികളും അങ്ങനെ കേരളക്കരയാകെ ഒന്നടങ്കം തിയേറ്ററുകളില്‍ എത്തി കണ്ട സിനിമയാണ് മാളികപ്പുറം. വന്‍ ജനപ്രവാഹമാണ് ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഓരോ തിയേറ്ററുകള്‍ക്ക് മുന്നിലും കാണാന്‍ സാധിക്കുന്നത്. കണ്ടവര്‍ തന്നെ ചിത്രം വീണ്ടുംവീണ്ടും കാണുന്നുമുണ്ട്.
സിനിമ വമ്പന്‍ ഹിറ്റായതോടെ നിരവധി ആശംസകളും അഭിനന്ദന പ്രവാഹങ്ങളുമാണ് താരത്തെ തേടി എത്തുന്നത്.ചിത്രത്തിന്റെ അപ്രതീക്ഷിതമായ വലിയ വിജയം ആഘോഷമാക്കുകയാണ് സിനിമാ ലോകം. ഈ ചിത്രം മലയാള സിനിമയ്ക്ക് അഭിമാനമായി മാറുകയാണ്. ഇപ്പോഴിതാ, ചിത്രം 50കോടി ക്ലബിലേക്ക് അടുക്കുകയാണ്. അധികം വൈകാതെ മാളികപ്പുറം 50 കോടി ക്ലബില്‍ ഇടംപിടിക്കും.
ഡിസംബര്‍ 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം 17 ദിവസം കൊണ്ട് തന്നെ 40 കോടി ക്ലബില്‍ നേരത്തെ ഇടം നേടി. ഉണ്ണി മുകുന്ദന് എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന് എന്ന താരത്തെ ഇന്ത്യ മുഴുവന്‍ അടയാളെപ്പെടുത്തുന്ന ചിത്രമായി മാളികപ്പുറം മുന്നേറുകയാണ്. മലയാളികള്‍ക്ക് അയ്യപ്പന്റെ മുഖം എന്ന രീതിയില്‍ പോലും ഉണ്ണിമുകുന്ദന് മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അതുപോലെ 145 തീയേറ്ററുകളില്‍ നിന്ന് 230ല്‍ അധികം തീയേറ്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിച്ചിരിക്കുകയാണ്. നടന് ഉണ്ണി മുകുന്ദന് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇത് പ്രേക്ഷകര്‍ തന്ന വിജയമാണെന്നും അദ്ദേഹം പറഞ്ഞു. നാളുകള്‍ക്ക് ശേഷം മലയാളികള്‍ക്ക് ലഭിച്ച ഫാമിലി ബ്ലോക്ക് ബസ്റ്ററായിരുന്നു മാളികപ്പുറം. ഇപ്പോഴിതാ സിനിമയുടെ തമിഴ്, തെലുങ്ക് ട്രെയ്ലറുകള് പുറത്തു വന്നിരിക്കുകയാണ്. ചിത്രം ജനുവരി 26ന് തമിഴില്‍ പ്രദര്‍ശനത്തിന് എത്തും. പാന്‍-ഇന്ത്യന്‍ ചിത്രമായി മാളികപ്പുറം ഉയരുമ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമടങ്ങുന്ന ടീമിന് അവകാശപ്പെട്ടതാണെന്ന് ഉണ്ണി മുകുന്ദന് പ്രതികരിച്ചിരുന്നു.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായി എത്തിയത് ദേവനന്ദയും ശ്രീപദ് എന്നിവരാണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.