‘തനിക്ക് ഒരുപാട് പ്രാധാന്യമുള്ള ദിവസമാണ് ജനുവരി 14, ഇനിയുള്ള മകരവിളക്ക് ദിനങ്ങള്‍ നാഴികക്കല്ലാകട്ടെ’; നടന്‍ ഉണ്ണി മുകുന്ദന്‍
കുറച്ച് ദിവസങ്ങളിലായി ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം എന്ന സിനിമയെ കുറിച്ചും അതിനോട് അനുബന്ധിച്ചുള്ള വാര്‍ത്തയുമായി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇപ്പോഴിതാ, ഉണ്ണിമുകുന്ദന്റെ പുതിയൊരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്.
ജനുവരി 14 എന്ന ഈ ദിവസത്തിന് തന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ടെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. താന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയതും ആദ്യ നിര്‍മാണ സംരംഭമായ മേപ്പടിയാന്‍ റിലീസ് ചെയ്തതും തന്റെ ഒരു സിനിമ ബ്ലോക് ബസ്റ്റര്‍ ആയി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതും ജനുവരി 14നാണെന്ന് ഉണ്ണി പറയുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും തന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും നടന്‍ പറഞ്ഞു.
ഉണ്ണിമുകുന്ദന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
നമസ്‌കാരം,
ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാന്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ എന്റെ ആദ്യ നിര്‍മാണ സംരംഭം എന്ന നിലയിലും ഒരു ആക്ടര്‍ എന്ന തരത്തില്‍ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാര്‍ഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങള്‍ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാന്‍ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു. വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തില്‍ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ആയി തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്.
മേപ്പടിയാനില്‍ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോള്‍ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാന്‍ അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിക്കുന്നു.
അതേസമയം, മാളികപ്പുറം എന്ന ചിത്രം 2022 ലെ അവസാന റിലീസുകളില്‍ ഒന്നായിരുന്നു. ഡിസംബര്‍ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും എല്ലാ തിയേറ്ററുകളും ഹൗസ് ഫുള്‍ ഷോയുമായാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഇതുവരെ സ്വന്തമാക്കിയ ബോക്സ് ഓഫീസ് കളക്ഷന്‍ എത്രയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതുവരെ ചിത്രം 25 കോടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളില്‍ ഒന്നായ കാവ്യ ഫിലിം കമ്പനി സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം 25 കോടി കളക്ഷന്‍ നേടിയെന്ന വാര്‍ത്ത പുറത്തുവിട്ടത്.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായി എത്തിയത് ദേവനന്ദയും ശ്രീപദ് എന്നിവരാണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന.
പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.