തങ്കമണിക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം…!   കേരളത്തെ  നടുക്കിയ സംഭവം ഇങ്ങനെ
1 min read

തങ്കമണിക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം…! കേരളത്തെ നടുക്കിയ സംഭവം ഇങ്ങനെ

ഇടുക്കി തങ്കമണിയിൽ 1986-ലുണ്ടായ സംഭവത്തെ പ്രമേയമാക്കി ഒരു സിനിമ തിയേറ്ററുകളിലെത്തുകയാണ്. ദിലീപിൻറെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായ ‘തങ്കമണി’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ അശ്വിൻ മാടപ്പള്ളി തൻ്റെ യൂട്യൂബിൽ യഥാർത്ഥ തങ്കമണി സംഭവത്തെക്കുറിച്ച് പറയുന്ന വീഡിയോ ആണ് വൈറലാവുന്നത്. വീഡിയോയിൽ നല്ല വ്യക്തമായി തന്നെ അശ്വിൻ എല്ലാ കാര്യങ്ങളും പറയുന്നുണ്ട്.

 

“1986 ഒക്ടോബർ 21 നായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പോലീസ് ക്രൂരത നടന്നത്. ഇടുക്കി കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിയിരുന്ന ‘എലൈറ്റ്’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കമായിരുന്നു കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ ദാരുണമായ സംഭവങ്ങൾക്ക് വഴിവെച്ചത്. കട്ടപ്പനയിൽ നിന്നും തങ്കമണിയിലേക്ക് സർവ്വീസ് നടത്തുന്ന ബസുകൾ പലതും പാറമടയിൽ സർവ്വീസ് അവസാനിപ്പിക്കാറായിരുന്നു പതിവ്. എന്നാൽ തങ്കമണിയിലേക്കുള്ള ടിക്കറ്റ് പൈസ എടുക്കുകയും ചെയ്യും. ഈ സംഭവം സ്ഥിരമായതോടെ ഒരു തവണ വിദ്യാർത്ഥികൾ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയിൽ ചോദ്യം ചെയ്ത വിദ്യാർത്ഥിയെ ബസ് ജീവനക്കാരൻ മർദ്ദിച്ചു. വിദ്യാർത്ഥികളെയും കൊണ്ട് എലൈറ്റ് ബസ് ജീവനക്കാർ പോലീസ് സ്റ്റേഷനിൽ പോവുകയും അവിടെ വെച്ച് പോലീസുകാർ വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്തു. ഇത് നാട്ടുകാർ ചോദ്യം ചെയ്യാൻ എത്തുകയും ബസ് തടഞ്ഞ് വെയ്ക്കുകയും ചെയ്തു. 

വിദ്യാർത്ഥിയെ മർദ്ദിച്ച ജീവനക്കാർ മാപ്പ് പറയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ല. ഇതോടെ ബസ് വിട്ട് നൽകില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. തുടർന്ന് ബസ് ഉടമയായ ദേവസ്യ കട്ടപ്പനയിൽ നിന്ന് പോലീസുമായി നാട്ടുകാരെ നേരിടാനെത്തുകയായിരുന്നു. ജീവനക്കാർ ഖേദം പ്രകടിപ്പക്കണമെന്ന നിലപാടിൽ നാട്ടുകാർ ഉറച്ച് നിന്നു. ഇതോടെ പോലീസ് ഇടപെട്ടു. നാട്ടുകാർക്ക് നേരെ ലാത്തിവീശി. പോലീസ് നടപടിയിൽ രോഷാകുലരായ നാട്ടുകാർ പോലീസിന് നേരെ വ്യാപകമായി കല്ലെറിഞ്ഞു. തങ്കമണിയിൽ നിന്നും പോലീസ് വാഹനവുമായി പുറത്ത് കടക്കാൻ ശ്രമിച്ച പോലീസുകാരെ പുറകെ ഓടി നാട്ടുകാർ കല്ലെറിഞ്ഞ് തുരത്തി. ഇത് പോലീസുകാർക്കിടയിൽ വലിയ അമർഷത്തിന് കാരണമായി.

സംഭവം അതോടെ അവസാനിച്ചുവെന്ന് കരുതിയെങ്കിലും നാട്ടുകാരുടെ കല്ലേറിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അടുത്ത ദിവസം തന്നെ സർവ്വ സന്നാഹങ്ങളുമായി പോലീസ് തങ്കമണിയിൽ എത്തി. ഐ സി തമ്പാന്റെ നേതൃത്വത്തിലായിരുന്നു പോലീസ് എത്തിയത്. നാട്ടുകാരും തങ്കമണിയിൽ തടിച്ച് കൂടി. പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രണാതീതമായതോടെ പോലീസ് വെടിവെപ്പ് നടത്തി. വെടിവെയ്പ്പിൽ സംഭവത്തിൽ ഉൾപ്പെടാതിരുന്ന അവറാച്ചൻ എന്നയാൾ മരണപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. 

 

എന്നാൽ ഇതുകൊണ്ടൊന്നും പോലീസിന്റെ കലി അടങ്ങിയിരുന്നില്ല. അർധരാത്രിയോടെ വലിയൊരു സംഘം പോലീസുകാർ തങ്കമണിയിൽ വീണ്ടും എത്തി. വീടുകൾ അതിക്രമിച്ച് കയറി റെയ്ഡ് നടത്തി നിരവധി പേരെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളേയും കുട്ടികളേയും അടക്കം അതിക്രമത്തിനിരയാക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്യാനുള്ള ശ്രമങ്ങൾ ഉണ്ടായതായും പരാതി ഉയർന്നിരുന്നു. ക്രൂരമർദ്ദനത്തിനിരയാക്കി ദിവസങ്ങൾക്ക് ശേഷമായിരുന്നു കസ്റ്റഡയിൽ എടുത്തവരെ പോലീസ് വെറുതെ വിട്ടത്. പലർക്കെതിരേയും പോലീസ് മൂന്നാംമുറ പ്രയോഗിച്ചതായും ആരോപണം ഉയർന്നിരുന്നു. പോലീസുകാർ വീടുകൾ ചവിട്ടി പൊളിച്ച് കയറുകയും നാട്ടുകാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും മറ്റും മോഷ്ടിക്കുകയും ചെയ്തു.

 അതേസമയം സംഭവം അന്ന് കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. വിഷയം അന്നത്തെ കെ കരുണാകരൻ സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കി. സർക്കാരിനെതിരെ പൊതുജനപ്രക്ഷോഭം ഉയർന്നു. പോലീസിനെതിരായ പരാതികൾ കോടതിയിലും എത്തി. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് 30 ഓളം പരാതികളായിരുന്നു കോടതിയിൽ എത്തിയത്.

പ്രതിഷേധം കടുത്തതോടെ പോലീസിന് വീഴ്ചപറ്റിയതായി സർക്കാർ സഭയിൽ കുറ്റസമ്മതം നടത്തി. അന്നത്തെ സംഭവത്തിൽ 29 കേസുകളാണ് ചുമത്തിയത്.അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരായ പോലീസിനെതിരേ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരവും നല്‍കി.എന്നാൽ തങ്കമണി സംഭവം കെ കരുണാകരൻ സർക്കാരിന് ഏൽപ്പിച്ച പരിക്ക് ഗുരുതരമായിരുന്നു. തൊട്ട് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സാക്ഷാൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവർ പ്രചരണത്തിന് എത്തിയിട്ട് പോലും യുഡിഎഫിന് രക്ഷയുണ്ടായില്ല. 87ൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ കനത്ത പരാജയം രുചിച്ചു. അന്ന് 78 സീറ്റുകൾ നേടി ഇകെ നായനാർ സർക്കാർ അധികാരത്തിലേറി.”