കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രമായി ‘തങ്കമണി’; ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി പ്രേക്ഷകരേറ്റെടുത്ത് ചിത്രം മുന്നേറുന്നു
1 min read

കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രമായി ‘തങ്കമണി’; ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി പ്രേക്ഷകരേറ്റെടുത്ത് ചിത്രം മുന്നേറുന്നു

ഓരോ നിമിഷവും ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്ന രംഗങ്ങളുമായി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ ‘തങ്കമണി’ മുന്നേറുകയാണ്. 1986 ല്‍ ഇടുക്കി ജില്ലയിലെ ‘തങ്കമണി’യില്‍ നടന്ന പൊലീസ് നരനായാട്ട് വിഷയമാക്കി എത്തിയിരിക്കുന്ന ‘തങ്കമണി’ എന്ന ചിത്രം പ്രേക്ഷകർ ഏറെനാളായി കാണാനായി കാത്തിരുന്ന സിനിമയാണ്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങള്‍ സിനിമയായി എത്തുമ്പോള്‍ ഏവർക്കും അത് കാണാനുള്ളൊരു ആകാംക്ഷയുണ്ടാകും. ആ സംഭവത്തിലുള്‍പ്പെട്ട മനുഷ്യരുടെ വൈകാരികതലം വ്യക്തമായി സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ആ സിനിമ മികച്ചതാവും. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ‘തങ്കമണി’ ആ ശ്രമത്തിൽ വിജയം കണ്ടിരിക്കുകയാണ്. തിയേറ്ററുകളിൽ ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രേക്ഷക പിന്തുണ അത് അടിവരയിടുന്നുമുണ്ട്.

കട്ടപ്പന- തങ്കമണി റൂട്ടില്‍ ഓടിയിരുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കും തങ്കമണിക്കാരായ കോളേജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ആരംഭിച്ച തര്‍ക്കവും സംഘര്‍ഷവും എങ്ങനെയാണ് ഒരു നാടും പോലീസ് സംവിധാനവും തമ്മിലുള്ള സംഘര്‍ഷമായി മാറിയതെന്നതാണ് സിനിമയുടെ ഇതിവൃത്തം. യഥാര്‍ത്ഥത്തിൽ നടന്ന ഈ സംഭവവും കൂടെ ഫിക്ഷന്‍റെ സാധ്യതകളും ഉപയോഗപ്പെടുത്തി സിനിമാറ്റിക് രീതിയിലാണ് സംവിധായകൻ രതീഷ് രഘുനന്ദന്‍ സിനിമ ഒരുക്കിയിരിക്കുന്നത്.

ദിലീപ് അവതരിപ്പിച്ച ആബേല്‍ ജോഷ്വ മാത്തന്‍ എന്ന കഥാപാത്രത്തിന്‍റെ ജീവിതം അടിസ്ഥാനമാക്കിയാണ് സിനിമ മുന്നേറുന്നത്. യാതൊന്നിലും ഉള്‍പ്പെടാതെ പോലീസ് നടപടികളില്‍ ഇരകളാക്കപ്പെട്ടവരുടെ അനേകം നിരപരാധികളിൽ ഒരാളാണ് ഈ കഥാപാത്രം. താനും കുടുംബവും നാടും അനുഭവിച്ച പീഡനപർവ്വങ്ങൾക്കെതിരെ അയാള്‍ ഇറങ്ങി തിരിക്കുന്നിടത്താണ് സിനിമ മറ്റൊരു തലത്തിലേക്ക് മാറുന്നത്.

ഓരോ നിമിഷവും ഉദ്വേഗ ജനകമായ സംഭവങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുവാനും ഒപ്പം കഥാപാത്രങ്ങളുടെ വൈകാരികമായ അനുഭവം പകരാനും സംവിധായകന് സാധിച്ചിട്ടുണ്ട് എന്നതാണ് സിനിമയുടെ വിജയമെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. മികവുറ്റ ഛായാഗ്രഹണവും കലാസംവിധാനവും സംഗീതവുമാണ് സിനിമയിലേതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒട്ടേറെ സിനിമകളിൽ ഇതിനകം വേറിട്ട നിരവധി കഥാപാത്രങ്ങളായെത്തിയിട്ടുള്ള ദിലീപ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് തങ്കമണിയിലെ ആബേല്‍ ജോഷ്വ മാത്തന്‍ എന്നാണ് സിനിമാപ്രേമികളുടെ ഭാഷ്യം. സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെ കാസ്റ്റിംഗും മികച്ചതാണെന്നുമാണ് പ്രേക്ഷർ പറയുന്നത്.