‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിന്മാറി; കാരണം വ്യക്തമാക്കി സംവിധായകന് ബാല
ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വണങ്കാന്‍’. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാലയും, സൂര്യയും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ചിത്രത്തിന്റെ വരവിനായി ഏറെ കാത്തിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി എന്ന വാര്‍ത്തയാണ് അത്. സംവിധായകന് ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബാല വ്യക്തമാക്കി.
ഷൂട്ടിംഗ് ആരംഭിച്ച്, ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇതിന്റെ ടൈറ്റില്‍ പോസ്റ്ററും ഇതിലെ സൂര്യയുടെ ലുക്കും പുറത്ത് വിട്ടിരുന്നു. സൂര്യയുടെ 41-ാത്തെ ചിത്രമായിട്ടാണ് ‘വണങ്കാന്‍’ ഷൂട്ടിംഗ് ആരംഭിച്ചതും. സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രമായിരുന്നു ഇത്.
‘എന്റെ സഹോദരന് സൂര്യക്കൊപ്പം ‘വണങ്കാന്‍’ എന്ന സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോള്‍ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂര്‍ണവിശ്വാസമുണ്ട്. ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാന്‍ ഒരു ചെറിയ ബുദ്ധിമുട്ടു പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരന് എന്ന നിലയില്‍ എന്റെ കടമ കൂടിയാണ്. ഞങ്ങള്‍ രണ്ടു പേരും ചര്‍ച്ച ചെയ്ത് ‘വണങ്കാന്‍’ എന്ന സിനിമയില്‍നിന്നു സൂര്യ പിന്മാറുമെന്ന് തീരുമാനിച്ചു.
അതില്‍ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താല്പര്യം മുന്‍നിര്‍ത്തി എടുത്ത തീരുമാനമായിരുന്നു അത്. ‘നന്ദ’യില്‍ ഞാന്‍ കണ്ട സൂര്യയെയും ‘പിതാമഹനി’ല്‍ ഞാന്‍ കണ്ട സൂര്യയെപോലെ തീര്‍ച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം ‘വണങ്കാന്‍’ ചിത്രീകരണം തുടരും.’- ബാല പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. നന്ദ, പിതാമഹന് എന്നീ ചിത്രങ്ങളിലാണ് സൂര്യയും,ബാലയും നേരത്തേ ഒന്നിച്ചത്.