22 വര്‍ഷത്തിന് ശേഷം സി ഐ ചന്ദ്രചൂഡനായി സുരേഷ് ഗോപി വീണ്ടും ; സൂചന നല്കി വിജി തമ്പി
സുരേഷ് ഗോപിയുടെ നിരവധി പൊലീസ് വേഷങ്ങള്‍ പല കാലങ്ങളിലായി പ്രേക്ഷകരുടെ കൈയടി നേടിയിട്ടുണ്ട്. അതിലൊന്നായിരുന്നു വിജി തമ്പിയുടെ സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ. മില്ലേനിയത്തിന്റെ തുടക്കം ആടിപ്പാടി ആഘോഷിച്ച മലയാളിക്ക് മുന്നിലേക്ക് കാക്കിയണിഞ്ഞെത്തിയ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ച സി.ഐ. ചന്ദ്രചൂഡന്. സെപ്റ്റംബര്‍ രണ്ടാം തിയതി സിനിമ പുറത്തിറങ്ങിയിട്ട് കൃത്യം 22 വര്‍ഷങ്ങള്‍ തികഞ്ഞു.ഇത്രയും വര്‍ഷങ്ങള്‍ക്ക്ശേഷം സത്യമേവ ജയതേയുടെ ഒരു രണ്ടാം ഭാഗം വന്നാലോ? അതിന്റെ സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന് വിജി തമ്പി.
ചിത്രത്തിന്റെ സീക്വലിനാണ് ഒരുപാട് പേര് അഭ്യര്‍ഥിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘ചന്ദ്രചൂഡന്റെ രണ്ടാം വരവിനായി ഒരുപാട് പേര് അഭ്യര്‍ത്ഥിക്കുന്നു. പ്രേക്ഷക പ്രതികരണം അറിഞ്ഞ ശേഷം പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ ചൂടന്‍ പോലീസുമായി മുന്നോട്ട് പോകാം എന്ന് വിചാരിക്കുന്നു. സ്നേഹാശംസകളോടെ വിജിതമ്പി,’ എന്നായിരുന്നു സത്യമേവ ജയതേയുടെ പോസ്റ്ററിനൊപ്പം വിജി തമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധിപേരാണ് പോസ്റ്റിന് താഴെ ലൈക്കും കമന്റുകളുമായെത്തിയിരിക്കുന്നത്. ‘താങ്കളുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു…. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍ തുടങ്ങിയ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു നഷ്ടബോധം… സത്യമേവ ജയതേ വീണ്ടും വരട്ടെ..’ എന്നായിരുന്നു ഒരാളുടെ കമന്റ്. ആരാധകരെല്ലാം തന്നെ ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് കമന്റുകളില്‍ ഉടനീളം വന്നിരിക്കുന്നത്. കേരളത്തിലെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പറയുന്നത്.
ഈ ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് ജി.എ. ലാല്‍ ആണ്. അലക്സ് കടവില്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സിദ്ദിഖ്, ഐശ്വര്യ, ഹേമന്ദ് രാവണ്‍, ബാലചന്ദ്ര മേനോന്, രാജന് പി ദേവ്, മണിയന്‍പിള്ള രാജു, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന് ഹനീഫ, സലിം കുമാര്‍, ദേവന്, സ്ഫടികം ജോര്‍ജ്, സാദ്ദിഖ്, ബാബുരാജ്, കുഞ്ചന്‍, നന്ദു, കൃഷ്ണകുമാര്‍, ജഗന്നാഥ വര്‍മ്മ, കൊല്ലം തുളസി, ഭീമന് രഘു തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. സി. രാജാമണിയുടെ സംഗീതവും എം. ജയചന്ദ്രന്റെ ഗാനങ്ങളും ഈ ചിത്രത്തിലുണ്ട്. ബാലു ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിഖിന്റെ പ്രകടനത്തിന് ചിത്രം പ്രശംസിക്കപ്പെടുകയും ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. എവര്‍ഷൈന്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം രണ്ടുപേര്‍ ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്.