‘നഞ്ചിയമ്മയെ കാണാന്‍ ഞാന്‍ ഉടന്‍ വരും, ഒരു ദിവസം തന്റെ വീട്ടില്‍ വന്ന് താമസിക്കണം’;പുരസ്കാരത്തിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് സുരേഷ് ഗോപിയുടെ കോള്‍…!
കഴിഞ്ഞ ദിവസമാണ് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. മലയാളികളെ സംബന്ധിച്ചിടത്തോളം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് കിട്ടിയ അവാര്‍ഡ് ഏറെ അഭിമാനമാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് 4 അവാര്‍ഡുകളാണ് കിട്ടിയത്. അതില്‍ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയ്ക്കും അവാര്‍ഡ് കിട്ടിയിരുന്നു. പുരസ്കാരം നഞ്ചിയമ്മക്ക് നല്‍കിയത് മലയാളികളടക്കമുള്ളവര്‍ ആഘോഷമാക്കിയിരുന്നു. ആ അമ്മയ്ക്ക് അര്‍ഹതപ്പെട്ട അവാര്‍ഡ് ആണെന്നായിരുന്നു ഭൂരിപക്ഷം പേരുടേയും അഭിപ്രായം.
ഇപ്പോഴിതാ, അവാര്‍ഡ് സ്വന്തമാക്കിയ നഞ്ചിയമ്മയെ വീഡിയോ കോളില്‍ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് നടനായ സുരേഷ് ഗോപി. രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് നഞ്ചിയമ്മയുടെ പേരാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടാതെ, സുരേഷ് ഗോപിയുടെ വീട്ടില്‍ ഒരു ദിവസം ചെന്ന് താമസിക്കാന്‍ നഞ്ചിയമ്മയെ ക്ഷണിക്കുകയും ചെയ്തു. ഇതിന് മറുപടിയായി നഞ്ചിയമ്മ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. സംവിധായകന് സച്ചി നേരിട്ട് വന്ന് സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നാണ് നഞ്ചിയമ്മ പറഞ്ഞത്. അതുപോലെ, സിനിമാ രംഗത്ത് നിന്ന് ആദ്യമായി വീഡിയോ കോള്‍ വിളിക്കുന്നത് സുരേഷ് ഗോപിയാണെന്നും നഞ്ചിയമ്മ കൂട്ടിച്ചേര്‍ത്തു. നഞ്ചിയമ്മയെ ഉടന്‍ കാണാന്‍ വരുന്നുണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി. പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കണമെന്ന് നിര്‍ദ്ദേശിച്ചു. മൊബൈല്‍ റേഞ്ചിന് കുറച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞപ്പോള്‍ ബിഎസ്എന്‍എല്ലിനെ അറിയിച്ച് പരിഹരിക്കാമെന്നും സുരേഷ് ഗോപി നഞ്ചിയമ്മയ്ക്ക് ഉറപ്പ് നല്കി.
അതേസമയം, ചിത്രത്തിന് 4 അവാര്‍ഡുകള്‍ കിട്ടിയപ്പോഴും അത് നേരില്‍ കാണാനുള്ള ഭാഗ്യം സംവിധായകന് സച്ചിക്ക് ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒരു വിങ്ങലാണ്. മികച്ച സംവിധായകന് സച്ചി, സഹനടന്‍ ബിജു മേനോന്, ഗായിക നഞ്ചിയമ്മ, സംഘട്ടനം രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാര പട്ടികയില്‍ ഇടം നേടിയത്. സച്ചി എന്ന സംവിധായകന് അവാര്‍ഡ് ഏറ്റുവാങ്ങാനും അത് കാണാനും ജീവിച്ചിരിപ്പില്ലാത്തതാണ് ബിജു മേനോന് അടക്കമുള്ളവരുടെ വിഷമം. പുരസ്കാര സന്തോഷത്തേക്കാളേറെ സച്ചി എന്ന നല്ലൊരു സംവിധായകനെ നഷ്ടമായതിന്റെ സങ്കടമായിരുന്നു ബിജു മേനോന്. അതുപോലെ, നഞ്ചിയമ്മയ്ക്കുമുണ്ട് അദ്ദേഹത്തെ കുറിച്ച് പറയാന്‍….’ആടുമേച്ചു നടന്ന തന്നെയും, തന്റെ സംഗീതത്തെയും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് സംവിധായകന് സച്ചി സാറാണെന്നും, ഈ അവാര്‍ഡ് അദ്ദേഹത്തിന് സമര്‍പ്പിക്കുന്നുവെന്നുമാണ് നഞ്ചിയമ്മ പറഞ്ഞത്.