ഷൂട്ടിങ് കാണാന്‍ ചെന്ന തന്നെ നടനാക്കിയതാണ്! ഷൂട്ടിങ് ഓര്‍മ്മകള്‍ പങ്കുവെച്ച് സുരേഷ് ഗോപി
മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് എന്ന് വിശേഷിപ്പിക്കുന്ന നടനാണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്മാരില് ഒരാള്‍ തുടങ്ങി നിരവധി വിശേഷണങ്ങളാണ് സുരേഷ് ഗോപിക്ക് ആരാധകര്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല, 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനാണ്. ആക്ഷനും, മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി സ്ക്രീനില്‍ നിറഞ്ഞു നിന്നപ്പോള്‍ മലയാളി പ്രേക്ഷകര്‍ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രായഭേദമില്ലാതെ കുട്ടികളും മുതിര്‍ന്നവരും സുരേഷ് ഗോപിയുടെ ഡയലോഗുകള്‍ ഏറ്റുപറഞ്ഞു. അതില്‍ അദ്ദേഹം പറഞ്ഞ ‘ഡാ പുല്ലേ’ എന്ന് തുടങ്ങുന്ന ഡയലോഗ് ഇന്നത്തെ തലമുറയ്ക്ക് പോലും സുപരിചിതമാണ്.
തുടക്ക കാലത്ത് അദ്ദേഹം ഏറെയും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. പിന്നീട് കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന് ഐപിഎസ് എന്ന വേഷം സുരേഷ് ഗോപിയുടെ കരിയര്‍ മാറ്റിമറിക്കുകയായിരുന്നു. അതുപോലെ, മലയാള സിനിമയില്‍ പോലീസ് കഥാപാത്രങ്ങള്‍ ഏറെ ഭംഗിയായി ചെയ്ത നടനാണ് അദ്ദേഹം. പോലീസ് കഥാപാത്രങ്ങള്‍ എന്ന് കേട്ടാല്‍ മലയാളികളുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന പേര് സുരേഷ് ഗോപിയുടേത് തന്നെയായിരിക്കും.
ഇപ്പോഴിതാ, പണ്ട് കാലത്തെ ഷൂട്ടിങ് ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയ തന്നെ പിടിച്ച് നടനാക്കിയ കഥയാണ് സുരേഷ് ഗോപി പങ്കുവയ്ക്കുന്നത്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനു അങ്കിള്‍ എന്ന ചിത്രത്തിലെ കോമഡി കഥാപാത്രമായ മിന്നല്‍ പ്രതാപന് എന്ന പോലീസ് ഓഫീസറുടെ റോള്‍ ചെയ്യാനുണ്ടായ സാഹചര്യമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
ആ സിനിമ താന്‍ ചെയ്യേണ്ട സിനിമ അല്ലായിരുന്നു എന്നും അമ്പിളി ചേട്ടന് ചെയ്യേണ്ട സിനിമയായിരുന്നു എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. അമ്പിളി ചേട്ടന് വേണ്ടി മൂന്ന്, നാല് ദിവസം കാത്തിരുന്നെന്നും അവസാനം മമ്മൂട്ടി പിണങ്ങി പോകുമെന്ന് വന്നപ്പോഴാണ് താന്‍ അതില്‍ അഭിനയിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ശരിക്കും ഷൂട്ടിങ് കാണാന്‍ പോയതാണ് താനെന്നും അദ്ദേഹം പറയുന്നു.