വെളുപ്പിലാണോ സൗന്ദര്യം?’; അവതാരകനെ തിരുത്തി തന്മയ
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം നേടിയ തന്മയ, നാട്ടിലും സ്കൂളിലും മിന്നുംതാരമാണ്. പുരസ്കാരവഴിയിലൂടെ സിനിമാമോഹങ്ങളെക്കുറിച്ച് പ്രതീക്ഷകളോടെ വാചാലയാകുകയാണ് ഈ കൊച്ചുമിടുക്കി. തന്മയ സോളിനെ വെല്ലുന്ന മറ്റ് പ്രകടനങ്ങളുണ്ടായിരുന്നില്ലെന്നും കുട്ടികളുടെ ചിത്രമെന്ന നിലയില്‍ എന്‍ട്രി കിട്ടിയ സിനിമകളില്‍ നിന്ന് മാത്രമായിട്ടല്ല ബാലതാരത്തെ പരിഗണിച്ചത്, എല്ലാ ചിത്രങ്ങള്‍ പരിഗണിച്ചാലും കുട്ടികളുടെ വിഭാഗത്തില്‍ തന്മയയെ വെല്ലുന്ന പ്രകടനം ഉണ്ടായിരുന്നില്ലെന്നും ജൂറി അംഗം പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബോഡി ഷെയ്മിങ് നടത്തിയ അവതാരകന് കൃത്യമായ മറുപടി നല്കി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് തന്മയ സോള്‍. മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയ്ക്ക് ആ പുരസ്കാരം നല്കേണ്ടിയിരുന്നു എന്ന തരത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതു പരാമര്‍ശിച്ചുകൊണ്ട് അവതാരകന് ഉന്നയിച്ച ചോദ്യത്തിനാണ് തന്മയയുടെ കുറിക്കു കൊള്ളുന്ന മറുപടി.
‘സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നത് ദേവനന്ദയെയാണ്. ഭയങ്കര സുന്ദരിയായ, ഗ്ലാമറസായ കുട്ടിയെയാണ് ബാലതാരമായി എല്ലാവരും നോക്കിയിരുന്നത്. ആ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് തന്മയയെ കാണുന്നത്. അതിന്റെ പേരില്‍ ഒരുപാട് ചര്‍ച്ചകളും ഉണ്ടായി. ഇയാള്‍ക്കാണോ അവാര്‍ഡ് കിട്ടിയത്, ഇയാളെങ്ങനെ സിനിമയില്‍ വരുമെന്നൊക്കെ ചോദിച്ചു. അതിനെപറ്റി എന്താണ് അഭിപ്രായം’ എന്നായിരുന്നു അവതാരകന് ചോദിച്ചത്.
”കളിയാക്കലുകള്‍ എല്ലാവര്ക്കും കിട്ടില്ല. ഹൈറ്റില്‍ നില്‍ക്കുന്നവര്‍ക്കേ അങ്ങനെയൊരു ഇമേജ് കിട്ടുള്ളൂ. അത്രയും ഹൈറ്റിലെത്തി എന്നു വേണമെങ്കില്‍ എനിക്കു കരുതാം. ആ കളിയാക്കലുകളെ എനിക്ക് ഇങ്ങനെ വിചാരിക്കാം. അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് വേസ്റ്റാണ്. എനിക്കു തോന്നുന്നില്ല സൗന്ദര്യം എന്നു പറയുന്നത് വെളുപ്പാണെന്ന്. ചേട്ടന് പറഞ്ഞു, ഞാന്‍ നല്ലതല്ല… ഫെയര്‍ ആയിരുന്നെങ്കില്‍ അത്രയും നല്ലതായിരുന്നു എന്ന്. ജനങ്ങള്‍ക്ക് ഓരോ അഭിപ്രായം കാണും. അവര്‍ക്ക് അതു പറയാനുള്ള വോയ്സ് ഉണ്ട്. പറയാനുള്ളവര്‍ പറയട്ടെ. അത് എന്നെ ബാധിക്കില്ല. എനിക്കതു കേള്‍ക്കാനും രസമുണ്ട്. എന്റെ ആഗ്രഹം മലയാളം സിനിമയിലും തമിഴ് സിനിമയിലും അഭിനയിക്കണം എന്നാണ്. ഹോളിവുഡിലെ ടിമോത്തി ഷാലമെയുടെ കൂടെ അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.” എന്നാണ് തന്മയ മറുപടി നല്‍കിയത്.
തന്മയയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ ചെറിയ പ്രായത്തില്‍ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം അവര്‍ക്കുള്ള കാഴ്ചപ്പാട് അഭിനന്ദീയമാണെന്നാണ് കമന്റുകള്‍.