റീ റിലീസിന് ഒരുങ്ങി സ്ഫടികം; ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന് ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ അപ്ഡേഷന് വന്നിരിക്കുകയാണ്. ചിത്രം റിലീസ് ആയി 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റീലീസ് ചെയ്യുന്നുവെന്നാണ് അത്. ഫെബ്രുവരി 9നാണ് ചിത്രം വീണ്ടും തിയേറ്ററില്‍ എത്തുക. 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആണ്.
റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിടുന്നുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ആടുതോമയുടെ കൌമാരകാലത്തിന്റേതായിരുന്നു ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍. സംവിധായകന് രൂപേഷ് പീതാംബരനാണ് അന്ന് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ന് പുറത്തെത്തിയിരിക്കുന്ന രണ്ടാമത്തെ പോസ്റ്റര്‍ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റേതാണ്. ഗഫൂര്‍ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയെ വലിയ ഹീറോ ആയി കാണുന്ന ഗഫൂര്‍ മറ്റുള്ളവരോട് തോമയുടെ വീരശൂര പരാക്രമങ്ങളെക്കുറിച്ച് വിശദീകരിക്കാറുള്ള ആളുമാണ്. അത്തരത്തിലുള്ള ഇന്ദ്രന്‍സിന്റെ ചില സംഭാഷണങ്ങള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നവയാണ്.
അതേസമയം, സ്ഫടികം’ സിനിമയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19ന്റെ സാഹചര്യത്തില്‍ റീ റിലീസ് വൈകുകയായിരുന്നു. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായും ഭദ്രന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. അതേസമയം, 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തിലകന്, ഉര്‍വശി, നെടുമുടി വേണു, കെ.പി.എ.സി ലളിത, ചിപ്പി, സ്ഫടികം ജോര്‍ജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.