“ടോപ്പ് 10 ടെററിസ്റ്റുകളില്‍ മൂന്നാമനാണ് ഖുറേഷി” ; 10 വര്‍ഷം മുന്‍പ് ആ പൃഥ്വിരാജ് കഥാപാത്രം പറഞ്ഞു: വൈറൽ വീഡിയോ
സോഷ്യല്‍ മീഡിയ കാലത്ത് സിനിമകളിലെ ഹിഡണ്‍ ഡീറ്റെയില്‍സ് കണ്ടുപിടിക്കുന്നത് സിനിമാപ്രേമികളുടെ ഒരു ഹോബിയാണ്. കൌതുകകരവും രസകരവുമായ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളുമൊക്കെ റീല്‍സിലും മറ്റും തരംഗമാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു ചെറു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ദിലീഷ് നായരുടെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ടമാര്‍ പഠാന്‍ എന്ന ചിത്രത്തിലേതാണ് പ്രസ്തുത രംഗം.
എസിപി പൌരന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജമ്പര്‍ തമ്പി, ട്യൂബ്‍ലൈറ്റ് മണി എന്നീ കേന്ദ്ര കഥാപാത്രങ്ങളായി ബാബുരാജും ചെമ്പന്‍ വിനോദും എത്തിയ ചിത്രമാണിത്. ഇതില്‍ ജമ്പര്‍ തമ്പിയെ അന്തര്‍ദേശീയ കുപ്രസിദ്ധിയുള്ള ഒരു ഭീകരവാദിയായി പൃഥ്വിരാജിന്‍റെ എസിപി പൌരന്‍ തെറ്റിദ്ധരിക്കുന്നതാണ് ചിത്രത്തിലെ വഴിത്തിരിവ്. തന്‍റെ കണ്ടെത്തല്‍ അവതരിപ്പിക്കാനായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് മുന്നിലെത്തുന്ന പൃഥ്വിരാജിന്‍റെ ഡയലോഗ് ആണ് വൈറല്‍ ആവുന്നത്. ഇന്‍റര്‍പോളിന്‍റെ ലിസ്റ്റിലുള്ള ഖുറേഷി എന്ന ഭീകരവാദിയാണ് ഇതെന്നാണ് എസിപി പൌരന്‍ മേലുദ്യോഗസ്ഥനോട് പറയുന്നത്. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ രണ്ട് മുഖങ്ങളില്‍ ഒന്ന് അബ്രാം ഖുറേഷി എന്ന പേരില്‍ ആയിരുന്നു. പൃഥ്വിരാജ് ഇത് നേരത്തേ പ്ലാന്‍ ചെയ്തിരുന്നോ എന്ന ചോദ്യത്തോടെയാണ് ടമാര്‍ പഠാറിലെ വീഡിയോ പ്രചരിക്കുന്നത്.
ടമാര്‍ പഠാറിലെ എസിപി പൌരന്‍റെ ഡയലോഗ് ഇങ്ങനെ- “ഇന്റര്‍പോള്‍ പുറത്തുവിട്ടതാണ് ഈ രേഖാചിത്രം. ടോപ്പ് 10 ടെററിസ്റ്റുകളില്‍ മൂന്നാമനാണ് ഖുറേഷി. ബോംബെയിലുള്ള ഒരു ബാര്‍ബര്‍ തിരിച്ചറിഞ്ഞിരുന്നു. ആ സ്കെച്ച് ആണ് ഇത്. ഇയാളെക്കുറിച്ച് മറ്റ് ഒരു വിവരങ്ങളും നമുക്കില്ല. അല്‍ ഖ്വയ്ദയുടെ ഏഷ്യ പെസഫിക് മൂവ്മെന്‍റിന്‍റെ വിംഗ് കമാന്‍റര്‍ ആണ് ഇയാള്‍”, പൃഥ്വിരാജിന്‍റെ എസിപി പൌരന്‍ പറയുന്നു. ഈ ഡയലോഗിനൊപ്പം മോഹന്‍ലാലിന്‍റെ ഖുറേഷിയെയും എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചരിക്കുന്നത്.