‘ബോഡി ലാം​ഗ്വേജ്, ആറ്റിറ്റ്യൂഡ്’; വാണി വിശ്വനാഥിന് ശേഷം പോലീസ് വേഷം ചേരുന്നത് നീത പിള്ളക്കെന്ന് സോഷ്യൽമീഡിയ!
1 min read

‘ബോഡി ലാം​ഗ്വേജ്, ആറ്റിറ്റ്യൂഡ്’; വാണി വിശ്വനാഥിന് ശേഷം പോലീസ് വേഷം ചേരുന്നത് നീത പിള്ളക്കെന്ന് സോഷ്യൽമീഡിയ!

ഇക്കഴിഞ്ഞ ജൂലൈ 29നാണ് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ​ഗോപിയും മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയും ഒന്നിച്ച പാപ്പൻ തിയേറ്ററുകളിലെത്തിയത്. ഓരോ ദിവസം ചെല്ലുന്തോറും സിനിമയെ കുറിച്ച് കൂടുതൽ പോസിറ്റീവ് റിപ്പോർട്ടുകളാണ് വരുന്നത്. സുരേഷ് ​ഗോപി ജോഷി ചിത്രത്തിൽ നായകനാകുന്നുവെന്ന് കേട്ടപ്പോൾ തന്നെ സിനിമാ പ്രേമികൾ ത്രില്ലിലായിരുന്നു. ശേഷം സിനിമ കണ്ടവരെല്ലാം പ്രതീക്ഷ പാഴായില്ലെന്നാണ് അഭിപ്രായപ്പെട്ടത്. സുരേഷ് ​ഗോപിക്കൊപ്പം മകൻ ​ഗോകുൽ സുരേഷ് ഒരു കേന്ദ്ര കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരുന്നു. നൈല ഉഷ, ഷമ്മി തിലകൻ, സജിത മഠത്തിൽ തുടങ്ങി നിരവധി താരങ്ങളും സിനിമയുടെ ഭാ​ഗമായിരുന്നു.

neeta

ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം ചെയ്ത മറ്റൊരു താരം പൂമരം സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ നീത പിള്ളയായിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥയായ ബിൻസി എബ്രഹാമായിട്ടാണ് നീത ചിത്രത്തിൽ അഭിനയിച്ചത്. സിനിമ റിലീസ് ചെയ്ത ശേഷം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും നീത പിള്ളയുടെ പേരാണ്. ശരീര ഭാഷ, ആറ്റിറ്റ്യൂഡ്, സ്ക്രീൻ പ്രസൻസ് തുടങ്ങി ഒരുപിടി കാര്യങ്ങൾക്കൊണ്ട് പോലീസ് വേഷത്തിൽ നീത പിള്ള കസറിയെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. പടത്തിൽ നിറഞ്ഞാടിയ കഥാപാത്രമായിരുന്നു നീതയുടേതെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെട്ടു.

neeta

ചിലരൊക്കെ നടി വാണി വിശ്വനാഥിന്റെ പൊലീസ് കഥാപാത്രങ്ങളോടാണ് നീതയുടെ ബിൻസി എബ്രഹാം എന്ന കഥാപാത്രത്തെ ഉപമിക്കുന്നത്. വാണി വിശ്വനാഥിന് ശേഷം പോലീസ് വേഷം ഏറ്റവും ചേരുന്നതായി തോന്നിയത് നീത പിള്ളയ്ക്കാണെന്നും ചിലർ കുറിച്ചു. സിനിമയുടെ പ്രമോഷന് വേണ്ടി അഭിമുഖങ്ങളിൽ പങ്കെടുത്തപ്പോൾ സുരേഷ് ​ഗോപിയും നീതയുടെ പ്രകടനത്തെ കുറിച്ച് വാചാലനായിരുന്നു. ബിൻസിയാകാൻ തന്നാൽ കഴിയും വിധം പരിശ്രമിച്ചിരുന്നുവെന്ന് നീതയും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. 2018ൽ ആണ് നീത സിനിമയിലേക്ക് കാലെടുത്തുവെക്കുന്നത്.

neeta

സിനിമാ ജീവിതം അഞ്ച് വർഷം പിന്നിട്ട് 2022ൽ എത്തി നിൽക്കുമ്പോൾ വെറും മൂന്ന് സിനിമകൾ മാത്രമാണ് നീതയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്. കന്നി ചിത്രം പൂമരത്തിൽ നീതയ്ക്ക് വളരെ ചെറിയ കഥാപാത്രമായിരുന്നുവെങ്കിലും കിട്ടിയ ഭാ​ഗം മികച്ചതാക്കാൻ നീത പരമാവധി ശ്രമിച്ചിരുന്നു. രണ്ടാമത്തേത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ദി കുങ്ഫു മാസ്റ്റർ എന്ന സിനിമയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചപോലെ സിനിമ ശ്രദ്ധനേടിയില്ല.