‘എനിക്ക് ഡബ്ബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത്’ ; ഷമ്മി തിലകന്
മലയാളത്തിലെ പ്രശസ്ത നടന്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ് ഷമ്മി തിലകന്. മലയാള സിനിമയിലെ അഭിനേതാവായിരുന്ന തിലകന്റെ മകനായിരുന്ന ഷമ്മി തിലകന് ഇരകള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു.
അതുപോലെ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകന് നിരവധി മലയാള സിനിമകളില്‍ വിവിധ അഭിനേതാക്കള്‍ക്ക് അദ്ദേഹം ശബ്ദം നല്കി. അതില്‍ പ്രശസ്തമായവ കടത്തനാടന്‍ അമ്പാടിയിലെ പ്രേംനസീറിനും, ദേവാസുരത്തിലെ നെപ്പോളിയനും, ഗസലിലെ നാസറിനും, ഒടിയനിലെ പ്രകാശ് രാജിനും ശബ്ദം കൊടുത്തതാണ്.
ഇപ്പോഴിതാ, തന്റെ ഡബ്ബിങ് അനുഭവങ്ങള്‍ തുറന്നു പറയുകയാണ് അദ്ദേഹം. സ്വന്തം കഥാപാത്രത്തിന് ഡബ് ചെയ്യുന്നതിലും കഷ്ടമാണ് വേറെ ഒരാള്‍ക്ക് ഡബ് ചെയ്യുന്നതെന്നാണ് ഷമ്മി തിലകന് പറയുന്നത്. ഡബ് ചെയ്തപ്പോള്‍ ഏറ്റവും കഷ്ട്ടപെട്ടത് ‘ദേവാസുരത്തി’ലെ നെപ്പോളിയന് ശബ്ദം നല്കിയപ്പോഴാണെന്ന് നടന് പറയുന്നു.
‘ചുമ്മാ വന്ന് എബിസിഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോകും. മലയാളം ഇവന്റെ ഒന്നും വായില്‍ വരില്ല. അതിനെ പിന്നെ ഡയലോഗാക്കി എടുത്ത് ഭാവത്തില്‍ പറയുക എന്നുള്ളതാണ് തന്റെ ജോലി. തനിക്ക് ഡബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് വേണ്ടി ഡബ് ചെയ്യുന്നത്. ഡബ് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ പാടുപെട്ടത് ദേവാസുരത്തിലെ നെപ്പോളിയന് വേണ്ടിയാണ്.
ചില സിനിമയില്‍ എന്തൊരു തെറ്റായിട്ടുള്ള ഡയലോഗുകളാണ് പറഞ്ഞുവെച്ചിരിക്കുന്നതെന്ന് അറിയാമോ. ഞാന്‍ അതിന്റെ അസോസിയേറ്റ് ഡയറക്ടറുമായി വഴക്കായി. ലിപ് സിങ്ക് ആയി പോവുക എന്നതാണ് അവര്‍ക്ക് വേണ്ടത്. ലിപ് സിങ്ക് ആയി പോയി കഴിഞ്ഞാല്‍ ഒരിക്കലും സിനിമയുമായി മാച്ചാവില്ല. സൗണ്ട് മോഡുലേഷന് കറക്റ്റ് ആയി കൊണ്ടുവരാന്‍ പറ്റില്ല. ആ ഭാവം വരുത്താനും പറ്റില്ല. സിനിമ കാണുന്ന രസത്തില്‍ ലിപ് സിങ്കോന്നും ആളുകള്‍ ശ്രദ്ധിക്കില്ല.
സീന്‍ ഒന്നും റീവൈന്‍ഡ് അടിച്ചു ആരും കാണാന്‍ പോവുന്നില്ലലോ. സിനിമ എന്ന് പറയുന്നത് ചീറ്റിങ്ങാണ്. അങ്ങനെ ഒരു സംഭവം ഇല്ലല്ലോ. ആളുകളിലേക്ക് സിനിമ തോന്നിക്കുകയാണ് ചെയ്യുന്നത്. ആ ചീറ്റിംഗ് എത്രത്തോളം തന്മയത്വത്തോടെ ചെയ്യുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയമിരിക്കുന്നത്’, ഷമ്മി തിലകന് പറഞ്ഞു.