‘ഡേവിസ്’ ആയി പ്രതാപ് പോത്തന്റെ അവസാന കഥാപാത്രം ; സാറ്റര്‍ഡേ നൈറ്റിലെ ക്യാരക്ടര്‍ പോസ്റ്റര്‍
ആരവം, തകര, ചാമരം, ലോറി, നവംബറിന്റെ നഷ്ടം തുടങ്ങിയ ഭരതന്-പത്മരാജന് ചിത്രങ്ങളിലെ നായകനായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമായിരുന്നു പ്രതാപ് പോത്തന്. മലയാളത്തിലെ എക്കാലത്തെയും മികച്ച ബാനറുകളിലൊന്നായ സുപ്രിയ ഫിലിംസിലെ ഹരി പോത്തന്റെ സഹോദരന് കൂടിയാണ് പ്രതാപ്. വിവിധ ഭാഷകളിലായി 98ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. ഡെയ്സി, ഋതുഭേദം, ഒരു യാത്രാമൊഴി, വെറ്റിവിഴ, ജീവ തുടങ്ങി പതിമൂന്നോളം സിനിമകളുടെ സംവിധായകന്. ആഡ്ഫിലിം മേക്കര്‍. മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്. സിനിമാലോകത്തെ ഈ വര്‍ഷത്തെ നഷ്ടങ്ങളില്‍ ഒന്നായിരുന്നു പ്രതാപ് പോത്തന്റെ വിയോഗം. അവസാന സമയം വരെ സിനിമാ മേഖലയില്‍ സജീവമായിരുന്ന പ്രതാപ് അവസാനം അഭിനയിച്ചത് നിവിന്‍ പോളി നായകനായെത്തുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലായിരുന്നു.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് ചിത്രീകരണം അവസാനിച്ചത് പ്രതാപ് പോത്തന്റെ മരണത്തിന് രണ്ട് ദിവസം മുന്‍പാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രതാപ് പോത്തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഡേവിസ് എന്നാണ് സാറ്റര്‍ഡേ നൈറ്റില്‍ പ്രതാപ് പോത്തന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിവിന്‍ പോളി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ അച്ഛനായാണ് പ്രതാപ് പോത്തന് ചിത്രത്തില്‍ എത്തിയത്. ‘സാര്‍, നമ്മള് സംസാരിക്കുകയും ചിത്രീകരണം ആസ്വദിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ അങ്ങ് ഞങ്ങളെ വിട്ടുപോയിരിക്കുന്നു. നിവിന്റെ അച്ഛന് കഥാപാത്രം ഡേവിസിനെ അവതരിപ്പിച്ചതിന് നന്ദി. അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ പേര് ഞാന്‍ സിനിമയുടെ തുടക്കത്തില്‍ എഴുതി കാണിക്കും, പക്ഷേ.. ആദരാഞ്ജലികള്‍.’ എന്നായിരുന്നു പ്രതാപിന്റെ വിയോഗ ദിവസം റോഷന് ആന്‍ഡ്ര്യൂസ് സോഷ്യല്‍ മീഡിയില്‍ കുറിച്ചത്.
നവംബര്‍ നാലിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. നാലു ചെറുപ്പക്കാരുടെ രസകരമായ ജീവിതം മുന്നോട്ടു നീങ്ങുമ്പോള്‍ത്തന്നെ ഒരു ഘട്ടത്തില്‍ ത്രില്ലര്‍ സ്വഭാവത്തിലേക്കു നയിക്കപ്പെടുകയാണ്. സ്റ്റാന്‍ലി, ഡേവിസ്, സുനില്‍, ജസ്റ്റിന്, അജിത്ത് എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണ്. കര്‍ണ്ണാടകത്തിലാണ് നാലുപേരും. വീക്കെന്‍ഡ് സായാഗ്നങ്ങള്‍ അവരുടെ ഒത്തുചേരലിന് മിക്കപ്പോഴും വേദിയാകാറുണ്ട്. ഇവരെ യഥാക്രമം നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു ക്കുറുപ്പ്, സിജു വില്സന് എന്നിവര്‍ അവതരിപ്പിക്കും. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഹ്യൂമര്‍, ത്രില്ലര്‍ ജോണറിലൂടെയാണ് ഈ സിനിമയുടെ അവതരണം. റോഷന് ആന്‍ഡ്രൂസിന്റെ ആദ്യത്തെ ഹ്യൂമര്‍ ചിത്രമാണിത്.