തിയേറ്ററുകളില്‍ പ്രേക്ഷകരെ ‘രോമാഞ്ചം’ കൊള്ളിച്ച രോമാഞ്ചം ഒരുമാസം കൊണ്ട് നേടിയത്
നവാഗതനായ ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. മൂന്ന് കോടിയില്‍ താഴെ ബഡ്ജറ്റില്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമായ ‘രോമാഞ്ചം’ ഫെബ്രുവരി മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിര്‍വ്വഹിച്ച ഹൊറര്‍ സീക്വന്‍സുകള്‍ എന്നിവ ‘രോമാഞ്ച’ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു.
അതുപോലെ മലയാളത്തില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് രോമാഞ്ചം. ചിത്രം നാലാം വാരത്തില്‍ എത്തിയപ്പോള്‍ കേരളത്തില്‍ 197 സ്ക്രീനുകളാണ് രോമാഞ്ചത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നത് സംബന്ധിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ മുന്നോട്ടുവെക്കുന്ന കണക്കുകള്‍ പ്രകാരം 34 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 62 കോടി രൂപയാണ്.
കേരളത്തില്‍ നിന്ന് 38 കോടി നേടിയ ചിത്രം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 3.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 21.15 കോടിയും നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളുടെ നിരയിലേക്ക് ചിത്രം എത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ 23 ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന് ചിത്രമൊരുക്കിയിരിക്കുന്നത്. നവാഗതനായ ജിത്തു മാധവന്റെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രത്തില്‍ സൌബിന്‍ ഷാഹിറിനും അര്ജുന് അശോകനും ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയത്. ഇവരെ കൂടാതെ, പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളായി എത്തി.