‘മമ്മൂട്ടിയുടെ ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് പ്രശ്‌നങ്ങള്‍ ഉണ്ടായി, എന്നാല്‍ സിനിമ തിയേറ്ററുകളില്‍ വരുമ്പോള്‍ എത്രപേര്‍ കാണാനുണ്ടാവുമെന്ന് നോക്കാം’; രഞ്ജിത്ത്
രാജ്യാന്തര ചലച്ചിത്രമേളയിലെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഡെലിഗേറ്റുകളുടെ കൂവല്‍. ചലച്ചിത്ര മേളയില്‍ സീറ്റ് കിട്ടാതെ സിനിമ കാണാന്‍ സാധിക്കാതിരുന്ന ചിലരാണ് കൂവിയത്. അതേസമയം, കൂവിയവര്‍ക്ക് സംസാരത്തിനിടെ കിടിലന്‍ മറുപടിയും രഞ്ജിത്ത് നല്‍കി. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് നടക്കവെയാണ് സംഭവം. സംവിധായകന്‍ രഞ്ജിത് സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് കാണികള്‍ക്കിടയില്‍ നിന്ന് കൂവലുകള്‍ ഉണ്ടയത്.
ഇതോടെ കൂവുന്നവര്‍ക്ക് കിടിലന്‍ മറുപടിയും രഞ്ജിത്ത് നല്‍കി. കൂവല്‍ തനിക്ക് പുത്തരിയല്ലെന്നാണ് രഞ്ജിത് പറഞ്ഞത്. അതൊരു സ്വാഗത വചനമാണോ കൂവലാണോ എന്ന് മനസിലായില്ല എന്നു പറഞ്ഞുകൊണ്ടാണ് രഞ്ജിത് സംസാരം തുടങ്ങിയത്. ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു മാധ്യമപ്രവര്‍ത്തകനായ സൂഹൃത്ത് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂവിത്തെളിയുക തന്നെ വേണം, നല്ല കാര്യമാണെന്ന് അദ്ദേഹം മറുപടിയും നല്‍കി.
രഞ്ജിത്തിന്റെ മറുപടി…
‘തനിക്കെതിരെയുള്ള കൂവലൊന്നും പുത്തരിയല്ല. 1976-ല്‍ എസ്.എഫ്.ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല. അതിനാരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. ഈ സദസിനോടാണ് നന്ദി പറയാനുള്ളത്. വേദിയിലെ യുവാക്കളാണ് 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഭംഗിയായി അവസാനിപ്പിക്കാന്‍ കാരണം. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളില്‍ വരും. അപ്പോള്‍ എത്രപേര്‍ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം.’ രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശന സമയം മുതല്‍ സംഘാടകര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തിയേറ്ററുകളില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് കാണിച്ചും ഓര്‍ലൈന്‍ ബുക്കിംഗിനെതിരായും നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് രഞ്ജിത്തിനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.