രാം ചരൺ ചിത്രത്തിൽ പെപ്പെയുടെ ക്വിന്‍റൽ ഇടിയും!! ബ്ലോക് ബസ്റ്റർ ചിത്രം ‘ഉപ്പെന’യുടെ സംവിധായകനും രാം ചരണും ഒന്നിക്കുന്ന ‘ആർസി 16’-ൽ ആന്‍റണി വർഗ്ഗീസും? പ്രതീക്ഷയോടെ പ്രേക്ഷകർ
‘ഉപ്പെന’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പമൊരുങ്ങുന്ന മെഗാ പവർസ്റ്റാർ രാം ചരണിന്‍റെ സിനിമയിൽ മലയാളത്തിന്‍റെ സ്വന്തം ആന്‍റണി വർഗ്ഗീസും അഭിനയിക്കുന്നെന്ന് റിപ്പോർട്ടുകള്‍. തെലുങ്കിൽ അടുത്തിടെ വൻ ബോക്സോഫീസ് കളക്ഷൻ നേടിയ ‘ഉപ്പെന’ എന്ന റൊമാന്‍റിക് ആക്ഷൻ ബ്ലോക്ബസ്റ്റർ സിനിമയിലൂടെയാണ് ബുച്ചി ബാബു സന ശ്രദ്ധേയനായത്. ‘ആർസി 16’ എന്നാണ് രാം ചരണിനൊപ്പമുള്ള പുതിയ സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിട്ടുള്ളത്.
മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ ക്വിന്‍റൽ ഇടിയിലൂടെ ശ്രദ്ധേയനായ ആന്‍റണി വർഗ്ഗീസും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രാം ചരണിനോടൊപ്പം തെലുങ്കിൽ അരങ്ങേറ്റം ഉഷാറാക്കാൻ തന്നെയാണ് പെപ്പെയുടെ വരവ്.
ചിത്രത്തിൽ നായികയായെത്തുന്നത് ബോളിവുഡ് താരം ജാൻവി കപൂറാണ്. വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ഈ പാൻ ഇന്ത്യൻ സിനിമയുടെ നിർമ്മാണം നിർവ്വഹിക്കുന്നത്. ഒരു സ്പോർട്സ് ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. സംഗീത ചക്രവർത്തി എ. ആർ. റഹ്മാനാണ് സിനിമയുടെ സംഗീത സംവിധായകൻ. രത്നവേലുവാണ് ഛായാഗ്രാഹകൻ. 15 കോടി മുതൽ മുടക്കിലൊരുങ്ങിയ ബുച്ചി ബാബു സനയുടെ ആദ്യ ചിത്രമായ ‘ഉപ്പെന’ 100 കോടിയുടെ ബോക്സോഫീസ് കളക്ഷൻ സ്വന്തമാക്കിയിരുന്നു.