പുത്തന്‍ അപ്ഡേറ്റുമായി പുഷ്പ 2 ‘…! ആവേശത്തിൽ ആരാധകർ
2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് ‘പുഷ്പ 2’ എത്തുന്നത്. സിനിമയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി താരം ഫഹദ് ഫാസിലും പുഷ്പയിലെ വില്ലൻ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം അല്ലു അര്ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു. ഈ വർഷം ഇന്ത്യന്‍ ചലച്ചിത്ര മേഖല ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. ത്രില്ലിംഗ് ടീസറും ഗാനങ്ങളും പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചിത്രം റിലീസിന് 75 ദിവസങ്ങൾ മാത്രം ശേഷിക്കുന്നു എന്ന് പറയുന്ന പുതിയ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തിറക്കിയത്.
തിങ്കളാഴ്ച, പുഷ്പ 2: ദി റൂളിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സാണ് പോസ്റ്റര്‍ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. “പുഷ്പയെയും സമാനതകള്‍ ഇല്ലാത്ത പ്രഭാവലയവും ബിഗ് സ്ക്രീനില്‍ കാണാന്‍ ഇനി 75 ദിവസങ്ങൾ മാത്രം. പുഷ്പ 2 ഇന്ത്യൻ സിനിമയിൽ അഭൂതപൂർവമായ ഒരു അദ്ധ്യായം അടയാളപ്പെടുത്തും, 2024 ഡിസംബർ 6-ന് ഭരണം തുടങ്ങും” എന്നാണ് പോസ്റ്ററിനൊപ്പമുള്ള കുറിപ്പ് പറയുന്നത്. ഈ വർഷം ആദ്യം അല്ലു അർജുന്റെ ജന്മദിനത്തിൽ പുഷ്പ 2 ന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. ടീസറില്‍ അല്ലു സാരി ധരിച്ച് ഗുണ്ടകളുമായി ഒരു പോരാട്ടത്തിന് തയ്യാറായി നില്‍ക്കുന്നതാണ് കാണിച്ചത്. നേരത്തെ ഈ വര്‍ഷം ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത് എന്നത് മലയാളികളിലും ആവേശം ഏറെയാണ്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പൊലീസ് വില്ലൻ കഥാപാത്രത്തെയാണ് പുഷ്പയിൽ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. പുഷ്പ ക്ലൈമാക്സിൽ ആയിരുന്നു പുഷ്പ രാജും ഭൻവറും ഒന്നിച്ചെത്തിയത്. രണ്ടാം ഭഗത്തിൽ ഇരുവരുടെയും മാസ് ആക്ഷന്‍, കോമ്പിനേഷന്‍ സീനുകള്‍ അടക്കമുള്ളവ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ രശ്മിക മന്ദാന തന്നെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ആദ്യഭാഗത്തിന്റെ എഡിറ്ററായ റൂബന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. തിരക്കേറിയ എഡിറ്ററായ റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്മാറുകയായിരുന്നു എന്നാണ് വിവരം.