‘ പത്താന് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിഷമമുണ്ട്’ ;പൃഥ്വിരാജ് പറയുന്നു
ഷാരൂഖാന് നായകനായി എത്തുന്ന പുതിയ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തയാണ് ദിവസങ്ങളില്‍ നിന്നും പുറത്തു വരുന്നത്. പത്താന് എന്ന ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ഈ സംഘടനയുടെ ആരോപണം. വീര്‍ ശിവജി അംഗങ്ങള്‍ കോലം കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ജനുവരിയില്‍ തിയേറ്ററില്‍ എത്താനിരിക്കുന്ന സിനിമ ബഹിഷ്കരിക്കുമെന്നും ഇവര്‍ അറിയിച്ചു.
ഇപ്പോഴിതാ, പത്താന് എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി രംഗത്തി എത്തിയിരുക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. ഒരു കലാരൂപത്തെ ഇത്തരത്തില്‍ നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇരയാക്കുന്നതില്‍ ദുഃഖമുണ്ടെന്നാണ് പൃഥ്വി പറഞ്ഞത്. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബെഷ്റം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.
അതേസമയം, നടന് മുകേഷ് ഖന്നയും (പഴയ ശക്തിമാന് താരം) പത്താനിലെ പാട്ടിനെതിരെ രംഗത്ത് എത്തി. ‘ബേഷാരം രംഗ്’ എന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നാണ് നടന്റെ ആരോപണം. പാട്ടിലെ പ്രധാന പ്രശ്നം ‘അശ്ലീലത’ ആണെന്നും ഖന്ന പറഞ്ഞു. ഇത്തരം പാട്ടുകളാണ് ബോളിവുഡിനെ പ്രതിസന്ധിയിലാക്കുന്നത് എന്നും ഖന്ന തുറന്നടിച്ചു.