ഊതിക്കാച്ചിയ പൊന്നുപോലൊരു ചിത്രം; ജീവിതം തൊടുന്ന കഥയും കഥാപാത്രങ്ങളുമായി ‘പൊൻമാൻ’; റിവ്യൂ വായിക്കാം
മനുഷ്യരെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള മഞ്ഞ ലോഹം വിഷയമാക്കിയ കഥകൾ ഒട്ടേറെ വന്നിട്ടുണ്ട് മലയാള സിനിമയിൽ. സ്വർണ്ണം കണ്ട് കണ്ണ് മഞ്ഞളിച്ചവരേയും സ്വർണ്ണം കൊണ്ട് മുറിവേറ്റവരേയും ഒക്കെ കഥാപാത്രങ്ങളാക്കിയ എത്രയെത്ര സിനിമകള്‍. എന്നാൽ അവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി പൊന്ന് കൊണ്ട് വട്ടം കറങ്ങിപ്പോയ ഏതാനും കുടുംബങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ‘പൊൻമാൻ’. ബേസിൽ ജോസഫും സജിൻ ഗോപുവും ലിജോമോളും ഒക്കെ മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം തീർച്ചയായും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന കഥയും കഥാപാത്രങ്ങളുമായുള്ളതാണ്. കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്തുകൊണ്ട് പതിഞ്ഞ രീതിയിൽ ആരംഭിക്കുന്ന ആദ്യ പകുതിയും ഉദ്വേഗം നിറയ്ക്കുന്ന രണ്ടാം പകുതിയുമാണ് സിനിമയുടേത്.
കൊല്ലം കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നടക്കുന്നത്. സജീവ പാർട്ടി പ്രവർത്തകനായ ബ്രൂണോ എന്ന യുവാവിന്റെ ഒരു അടിപിടി കേസുമായി ബന്ധപ്പെട്ടാണ് സിനിമയുടെ തുടക്കം. ബ്രൂണോയുടെ സഹോദരിയായ സ്റ്റെഫിയുടെ വിവാഹം തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്. 25 പവനാണ് ചെക്കൻ വീട്ടുകാർ ചോദിച്ചിരിക്കുന്നത്. അച്ഛനില്ലാത്ത വീട്ടിൽ അമ്മയാണ് എല്ലാം തീരുമാനിക്കുന്നത്. അങ്ങനെ തലവെട്ടിച്ചിറക്കാരനായ മരിയാനോ എന്ന മത്സ്യത്തൊഴിലാളിക്ക് മകളെ കെട്ടിച്ചുകൊടുക്കാൻ ബ്രൂണോയുടേയും സ്റ്റെഫിയുടേയും അമ്മ വാക്കുകൊടുത്തു. പക്ഷേ 25 പവൻ എങ്ങനെയുണ്ടാക്കും? സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും കൈയ്യൊഴിഞ്ഞു. ഒടുവിൽ സുഹൃത്തുക്കളുടെ വാക്ക് കേട്ട് പി.പി അജേഷ് എന്നയാള്‍ വഴി ബ്രൂണോ സ്വർണ്ണം ഒപ്പിച്ചു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
അജേഷായി ബേസിലിന്റേയും മരിയാനോയായി സജിന്റേയും സ്റ്റെഫിയായി ലിജോ മോളുടേയും ബ്രൂണോയായി ആനന്ദ് മന്മദന്റേയും മികവാർന്ന പ്രകടനങ്ങള്‍ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ജോലിയെടുക്കാത്ത, മുഴുവൻ സമയ പാർട്ടി പ്രവർത്തകനായ, മുൻശുണ്ഡിക്കാരനായ ബ്രൂണോ എന്ന കഥാപാത്രം ആനന്ദിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. സഹോദരി സ്റ്റെഫിയായി ലിജോമോളും മികച്ച കാസ്റ്റിങ്ങാണ്.
ഒത്ത തണ്ടും തടിയുമുള്ള മരിയാനോയായി സജിൻ ഗോപുവിന്റേയും പെർഫെക്ട് കാസ്റ്റിങ്ങായിരുന്നു. സ്റ്റെഫിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ മലപോലെയുള്ള ഒരു രാക്ഷസൻ ശരിക്കും അത് തന്നെയായിരുന്നു സജിൻ അവതരിപ്പിച്ച വേഷം. പി.പി അജേഷ് എന്ന വേഷം ബേസിലിനെ കൊണ്ട് മാത്രമേ ചെയ്യാൻ കഴിയൂ എന്ന വിധത്തിൽ മനോഹരമായി പകർന്നാടിയിട്ടുണ്ട് ബേസിൽ. ഓരോ സെക്കൻഡും ഇമോഷൻസ് മാറിമറിയുന്ന വേഷം സമാനതകളില്ലാത്ത വിധത്തിൽ ബേസിൽ അവതരിപ്പിച്ചിട്ടുണ്ട്. ബ്രൂണോയുടേയും സ്റ്റെഫിയുടേയും അമ്മ വേഷത്തിലെത്തിയ സന്ധ്യ രാജേന്ദ്രന്റെ വേഷവും മികവുറ്റതായിരുന്നു.
ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഇന്ദുഗോപനും മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ജസ്റ്റിൻ മാത്യുവും ചേർന്നാണ്. പൊന്ന് എങ്ങനെയാണ് മനുഷ്യന്റെ വികാര വിചാരങ്ങളെ നിയന്ത്രിക്കുന്നതെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.
ഒട്ടേറെ സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ജ്യോതിഷ് ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായാണ് പൊൻമാൻ എത്തിയിരിക്കുന്നത്. ആദ്യ സിനിമ തന്നെ തികച്ചും റിയലിസ്റ്റിക്കായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന വിധത്തിൽ ജ്യോതിഷ് ഒരുക്കിയിട്ടുണ്ട്. ചിത്രത്തിൽ ദീപക് പറമ്പോൽ, രാജേഷ് ശർമ്മ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ താരങ്ങളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
കൊല്ലത്തിന്റെ തീരദേശ മേഖലയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സാനു ജോൺ വർഗീസ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും നിധിൻ രാജിന്റെ ചിത്രസംയോജനവും സിനിമയോട് നീതിപുലർത്തുന്നതായിരുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണം നൽകിയൊരുക്കിയിരിക്കുന്ന പാട്ടുകളും ശ്രദ്ധേയമാണ്. തീർച്ചയായും കഥാകൃത്ത് ഇന്ദുഗോപന്റെ കഥകളും നോവലുകളും ഒക്കെ അടിസ്ഥാനമാക്കി ഇതുവരെ ഇറങ്ങിയിരിക്കുന്ന സിനിമകളിൽ ഏറ്റവും മികച്ച അഡാപ്റ്റേഷനാണ് പൊൻമാൻ എന്ന് നിസ്സംശയം പറയാം.