“പഠാന്” ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു ; തിയറ്ററില്‍ ഷാരൂഖ് ഖാന്റെ വിളയാട്ടം
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന് ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കി. ഇന്ത്യന്‍ ബോക്സ്ഓഫീസിലെ ചര്‍ച്ചാവിഷയമാണ് പഠാന്. ഇതുവരെയുള്ള കണക്ക് പ്രകാരം ആയിരം കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡ് നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ‘പഠാന്’. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്’ കുതിപ്പ് തുടരുകയാണ് എന്നാണ് പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ‘പഠാന്’ ഇതുവരെയാണ് 1009 കോടി സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
റിലീസ് ചെയ്ത് ഇരുപത്തേഴ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പഠാന് 1000 കോടി നേടിയത്. ബോക് ഓഫീസ് വേള്‍ഡ് വൈഡ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന് റിലീസ് ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
റിലീസിന് മുമ്പ് പഠാനിലെ ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടര്‍ന്ന് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് സിനിമ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തുകയും സിനിമ റിലീസ് ചെയ്ത ദിവസം വിവിധ ഭാഗങ്ങളില്‍ ചില സിനിമാ തിയേറ്ററുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സകല വിവാദങ്ങളും കാറ്റില്‍ പറത്തികൊണ്ടാണ് ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി പഠാന് മുന്നേറുന്നത്.
അതേസമയം ഷാരൂഖ് ഖാന് നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ‘ജവാന്’ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്.