പഠാനില്‍ ഷാരൂഖ് ഖാന് വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്ത് ; ഞെട്ടി പ്രേക്ഷകര്‍
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. 12 ദിവസത്തില്‍ പഠാന് നേടിയ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാന് സ്വന്തമാക്കിയത്. ഇപ്പോഴിതാ പഠാനില്‍ ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബിഗ് ബജറ്റിലാണ് പഠാന് യാഷ് രാജ് ഫിലീംസ് ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് വൃത്തങ്ങളുടെ കണക്ക് പ്രകാരം ഏകദേശം 250 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ചെലവ്. ഇതില്‍ ഷാരൂഖ് 35-40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ട്രേഡ് അനലിസ്റ്റിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ വിജയ് പോലും 100 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നുവെന്നും ഷാരൂഖിന് ഇത്രയും താഴ്ന്ന തുകയോ എന്നതാണ് പലരുടേയും ഇപ്പോഴത്തെ സംശയം. സിനിമയില്‍ ലാഭം പങ്കിടല്‍ കാരാറും ഇതിന് പുറമേയുണ്ട്. അതിനാല്‍ തന്നെ ചിത്രം 1000 കോടി ബോക്സ് ഓഫീസില്‍ എത്തിയാല്‍ ഷാരൂഖിനെ കാത്തിരിക്കുന്നത് വലിയ തുകയാണ്. ഹോളിവുഡില്‍ അടക്കം നിലവിലുള്ള ശമ്പള രീതിയാണ് ഇത്.
കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണ തകര്‍ത്തില്ല. ഓരോ ദിവസത്തെയും പഠാന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് അത് മനസിലാക്കാന്‍ സാധിക്കും. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 429.90 കോടിയും മൊത്തം 515 കോടിയും ഓവര്‍സീസ് ഗ്രോസ് 317.20 കോടിയുമാണെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാന് 1000കോടിയെത്തുമെന്നാണ് വിലയിരുത്തലുകള്‍.
ആദ്യ ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 542 കോടിയാണ് ചിത്രം കൊയ്തത്. അതേസമയം ഹിന്ദി ചിത്രങ്ങളിലെ എക്കാലത്തെയും വിജയ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് പഠാന്. രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളാണ് ലിസ്റ്റില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബാഹുബലി 2, കെജിഎഫ് 2 എന്നിവയാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന് റിലീസ് ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു.