‘പഠാനിലെ വെട്ടിയ ആ രംഗം ഒടിടിയില്‍ കാണാം’; സംവിധായകന്‍ പറയുന്നു
നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് പഠാന്‍. ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ് ഈ ചിത്രം. ബോളിവുഡ് സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പഠാന്‍ നേടി കഴിഞ്ഞു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച പഠാന്‍ ജനുവരി 25 നാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസിന്റെ ഏഴാം വാരത്തിലും തിയേറ്ററുകളില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. തൂ ഛൂട്ടീ മേം മക്കാര്‍ അടക്കം ബോളിവുഡില്‍ നിന്നുള്ള പുതിയ റിലീസുകള്‍ എത്തിയിട്ടും ഒരു മാറ്റവുമില്ലാതെ കുതിച്ച് മുന്നേറുകയാണ് പഠാന്‍.
ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്ററെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ്. സിനിമയിലെ നടന്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രമായ പഠാന് മതമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ആനന്ദ്. എന്നാല്‍ പഠാന്‍ എന്ന കഥാപാത്രത്തിന്റെ യാഥാര്‍ത്ഥ പേര് എന്ത് എന്ന് സൂചന നല്‍കുന്ന ചിത്രത്തില്‍ നിന്നും വെട്ടിയ ഒരു രംഗം ചിലപ്പോള്‍ ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്നും സംവിധായകന്‍ വെളിപ്പെടുത്തി. തനിക്കും ആദിത്യ ചോപ്രയ്ക്കും പഠാന്റെ രചിതാക്കളായ ശ്രീധര്‍ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്ര രൂപീകരണത്തില്‍ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും സിദ്ധാര്‍ത്ഥ് ആനന്ദ് പറയുന്നു. പഠാന്‍ സിനിമയില്‍ ദീപിക പദുകോണിന്റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പഠാന്‍ മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാന്‍ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് തനിക്ക് പഠാന്‍ എന്ന പേര് ലഭിച്ചതെന്നാണ് ഷാരൂഖിന്റെ കഥാപാത്രം പറയുന്നത്. ആ രംഗങ്ങളും ചിത്രത്തിലുണ്ട്.
സിനിമയിലാണ് ഞങ്ങള്‍ വിശ്വസിച്ചത്. അതിനാല്‍, അദ്ദേഹത്തിന് (പഠാന്) പേരില്ല. പഠാനെ അമ്മ തീയറ്ററില്‍ ഉപേക്ഷിച്ചതാണ് എന്നാണ് സിനിമയില്‍ പറയുന്നത്. ആ സമയത്ത് അവനെ നവരംഗ് എന്ന് വിളിക്കുന്ന സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ഒഴിവാക്കി. ചിലപ്പോള്‍ അത് ഒടിടി റിലീസ് സമയത്ത് ഉള്‍പ്പെടുത്തിയേക്കാം – സംവിധായകന്‍ പറയുന്നു. ഇത്തരം ഒരു ആശയത്തെ നമ്മുടെ കൂട്ടത്തിലെ ആരും ചെറുതായി കണ്ടില്ല. മോശമാണ് എന്ന് പറഞ്ഞില്ല. മികച്ച ആശയമാണ് എന്ന് തന്നെ വിശ്വസിച്ചു. പിന്നീട് ആ കഥാപാത്രം ഒരു കാരണത്താല്‍ പഠാന്‍ ആയി. ഇപ്പോള്‍ അവന് മതമില്ല, അവന്‍ അവന്റെ രാജ്യം മാത്രമാണ് പ്രധാനം – സിദ്ധാര്‍ത്ഥ് ആനന്ദ് കൂട്ടിച്ചേര്‍ത്തു.