സംഭവ ബഹുലം ഈ കട്ടിലും മുറിയും; ‘ഒരു കട്ടിൽ ഒരു മുറി’ റിവ്യൂ വായിക്കാം
1 min read

സംഭവ ബഹുലം ഈ കട്ടിലും മുറിയും; ‘ഒരു കട്ടിൽ ഒരു മുറി’ റിവ്യൂ വായിക്കാം

നമ്മള്‍ താമസിക്കുന്ന മുറിയും നമ്മള്‍ കിടക്കുന്ന കട്ടിലുമൊക്കെ നമ്മളെത്ര മാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ. എത്രയെത്ര ഓർമ്മകളാകും നമ്മുടെ മുറിയും കട്ടിലുമൊക്കെയായി ബന്ധപ്പെട്ടുള്ളത്. അത് ചിലപ്പോൾ സന്തോഷം പകരുന്നതാകും, ചിലപ്പോള്‍ ദുഖിപ്പിക്കുന്നതാകും, മറ്റുചിലപ്പോള്‍ ആശ്വസിപ്പിക്കുന്നതാകും. ഒരു മുറിയും ഒരു കട്ടിലും ചില ജീവിതങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രം.

 

സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കിയിരിക്കുന്ന ചിത്രം പക്ഷേ ഈ രണ്ട് ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ഒരു തൂവൽ പോലെ ഒട്ടും ഭാരമില്ലാത്ത ലളിതവും സുന്ദരവുമായൊരു ചിത്രം എന്ന് വിശേഷിപ്പിക്കാം.

രുക്മാംഗദൻ എന്ന യുവാവും അക്കമ്മ, മധുമിയ എന്നീ രണ്ട് സ്ത്രീ കഥാപാത്രങ്ങളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കൂട്ടുകാരുമൊത്ത് ചേർന്ന് തുടങ്ങിയ സ്റ്റാർട്ട് അപ്പ് പൊട്ടിയതോടെ കടക്കെണിയിലാവുകയാണ്. ഒരു ക്വട്ടേഷൻ ടീം അയാളുടെ പിന്നാലെയുണ്ട്. ആകെ പാളി നിൽക്കുന്ന ജീവിതം. അതിനിടയിൽ അന്നന്നത്തെ അന്നത്തിന് കൊച്ചി നഗരത്തിൽ നൈറ്റ് ടാക്സി ഓടിക്കുകയാണയാൾ. തന്‍റെ കാറിനെ ജീവിനുതുല്യം സ്നേഹിക്കുന്നുണ്ട് അയാൾ. അയാൾ നഗരത്തിൽ തങ്ങുന്നതിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ആകസ്മികമായി അക്കമ്മ എന്ന തമിഴ് സ്ത്രീയുടെ ജീവിതത്തിലേക്കും അയാൾ കടന്ന് ചെല്ലുന്നുണ്ട്. വർഷങ്ങളുടെ പഴക്കമുള്ള ഒരു കട്ടിൽ ആണ് അതിന് നിമിത്തമാകുന്നത്. ആ കട്ടിൽ അക്കമ്മയുടെ ഉയിരാണ്. അതുപോലെ അക്കമ്മയുടെ വീട്ടിൽ വാടകയ്ക്ക് കഴിയുന്ന മധുമിയ എന്ന യുവതിക്കും ആ കട്ടിൽ ജീവനാണ്. ഇവർക്കിടയിലെ ചില കൗതുകങ്ങളും രസങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

ഏറെ നാളുകള്‍ക്ക് ശേഷം നായിക വേഷത്തിൽ എത്തിയിരിക്കുന്ന പൂർണിമ ഇന്ദ്രജിത്തിന്‍റെ അക്കമ്മ എന്ന വേഷം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോ നോക്കിലും വാക്കിലും ചലനങ്ങളിലും വരെ അക്കമ്മയായി അവർ ജീവിക്കുകയായിരുന്നു. കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രകടനം. അതോടൊപ്പം രുക്മാംഗദൻ എന്ന കഥാപാത്രമായി ഹക്കീം ഷാജഹാനും മധുമിയയായി പ്രിയംവദ കൃഷ്ണനും പെർഫെക്ട് കാസ്റ്റിംഗായിരുന്നു. കൂടാതെ രഘുനാഥ് പലേരി, വിജയരാഘവൻ, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങി നിരവധി താരങ്ങളുടെ മികവുറ്റ വേഷങ്ങളും സിനിമയിലുണ്ട്.

രക്തബന്ധത്തേക്കാൾ ദൃഢമായ ചില ബന്ധങ്ങൾ ജീവിതവഴികളിൽ ആകസ്മികമായി ഉടലെടുക്കുന്നതെങ്ങനെയെന്ന് രസകരമായി ചിത്രം വരച്ചിടുന്നുണ്ട്. മനോഹരമായ ദൃശ്യങ്ങളും ഇമ്പമുള്ള ഗാനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. എൽദോസ് ജോർജ്ജാണ് സിനിമയുടെ ഛായാഗ്രഹണം, അങ്കിത് മേനോനും വർക്കിയുമാണ് സംഗീത സംവിധാനം. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്ന് എഴുതിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും വേറിട്ട് നിൽക്കുന്നതാണ്. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സമീർ ചെമ്പയിൽ, ഒ.പി. ഉണ്ണികൃഷ്ണൻ, പി.എസ്. പ്രേമാനന്ദൻ, പി.എസ് ജയഗോപാൽ, മധു പള്ളിയാന, സന്തോഷ് വള്ളകാലിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.