റോഷാക്ക് മാത്രമല്ല… ബിന്ദു പണിക്കര്‍ നായകന്മാരെ മാറ്റി നിർത്തി സ്കോർ ചെയ്ത ചിത്രങ്ങള്‍ വേറെയും ഉണ്ട്
മമ്മൂട്ടിയും ബിന്ദു പണിക്കരും മത്സരിച്ചഭിനയിച്ച റോഷാക്ക് എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ എവിടെയും ചർച്ച നടക്കുന്നത്. എന്നാൽ ബിന്ദു പണിക്കർ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കാൾ കൂടുതലായി ആളുകൾ എടുത്തു പറയുന്ന കഥാപാത്രം ബിന്ദു പണിക്കരുടെ സീത ആണ്. സിനിമയുടെ പ്രമോഷന് സമയത്തു തന്നെ ഇക്കാര്യത്തെക്കുറിച്ച് മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. വളരെ അസാധ്യമായ ഒരു കഥാപാത്രമാണ് ബിന്ദു പണിക്കർക്ക് ലഭിച്ചത്. ബ്രില്യൻ പെർഫോമൻസ്സും ബ്രില്യൻ റോളും ആണ് ഇത് എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് മെഗാസ്റ്റാർ തന്നെ തുറന്ന് പറഞ്ഞിരുന്നത്. ബിന്ദു പണിക്കർ കേവലം ഒരു ഹാസ്യ നടി മാത്രമല്ല എന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങൾ നമുക്ക് മുൻപിലുണ്ട്. ബിന്ദു പണിക്കരെ കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കോമഡി കഥാപാത്രങ്ങൾ ആയിരിക്കുമെന്നത് ഉറപ്പാണ്. അതിനുമപ്പുറം നിരവധി മികച്ച കഥാപാത്രങ്ങളിൽ ബിന്ദു പണിക്കർ തിളങ്ങിയിട്ടുണ്ട്. 1992ലെ കമലദളത്തിലൂടെ സിനിമയിലെത്തിയ ബിന്ദു പണിക്കർ അഭിനയ ജീവിതത്തിൽ 30 വർഷങ്ങളാണ് പിന്നിട്ടത്. ഇതിനിടയിൽ നിരവധി മനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം എന്നത് സല്ലാപം എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രം തന്നെയായിരുന്നു. ഭർത്താവിന്റെ മോശം സ്വഭാവം മൂലം അനിയത്തിയെ പോലെ കണ്ട് രാധയെ ഭർത്താവിൽ നിന്നും അകറ്റുവാൻ വേണ്ടി വീട്ടിൽ നിന്നും ഇറക്കി വിടുന്ന പദ്മിനി എന്ന കഥാപാത്രത്തെ വളരെ കൈയ്യടക്കത്തോടെ ആണ് താരം അവതരിപ്പിച്ചിരുന്നത്. അതുപോലെ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് ജോക്കറിലെ സുശീല എന്ന കഥാപാത്രം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിൽ ഹാസ്യസാമ്രാട്ടുകൾക്കൊപ്പം കട്ടക്ക് പിടിച്ചു നിന്നാണ് ബിന്ദു പണിക്കരും ശ്രദ്ധനേടിയത്.
പിന്നെ സൂത്രധാരൻ എന്ന സിനിമയിലെ ദേവു എന്ന കഥാപാത്രം ഒരേസമയം തന്നെ ക്രൂരവും വാൽസല്യവും നിറഞ്ഞ ഒരു കഥാപാത്രമാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. സൂത്രധാരനിലെ പ്രകടനത്തിന് 2004 ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ആയിരുന്നു ബിന്ദു പണിക്കരെ തേടിയെത്തിയത്. അതുപോലെതന്നെ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കഥാപാത്രമാണ് സസ്നേഹം സുമിത്ര എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രവും. അടുത്തകാലത്ത് വന്ന വരയനിലും ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ബിന്ദു പണിക്കർ എത്തുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ കഥാപാത്രം ബിന്ദുപണിക്കർക്കുള്ള ഒരു മികച്ച ട്രിബ്യൂട്ട് തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.