‘ഷാരൂഖിന്റെ മതമാണോ ഇവരുടെ പ്രശ്‌നം…’? ഇതുവരെ കണ്ടിട്ടില്ലാത്ത ബോയ്‌കോട്ട് പ്രഖ്യാപനവുമായി സംഘപരിവാര്‍
1 min read

‘ഷാരൂഖിന്റെ മതമാണോ ഇവരുടെ പ്രശ്‌നം…’? ഇതുവരെ കണ്ടിട്ടില്ലാത്ത ബോയ്‌കോട്ട് പ്രഖ്യാപനവുമായി സംഘപരിവാര്‍

ഷാരൂഖ് ഖാന്‍ നായകനായി നാല് വര്‍ഷത്തിനു ശേഷം പുറത്തുവരുന്ന ചിത്രമാണ് പഠാന്‍. ജനുവരി 25 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതില്‍ നായികയായ ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം കാവിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ട്വിറ്ററില്‍ എത്തിയിരുന്നു. സൈബര്‍ ആക്രമണവും പ്രതിഷേധവും ശക്തമായിരിക്കെ ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അക്ഷയ്കുമാറിന്റെ ചിത്രത്തിലെ പഴയ ഒരു ഗാനമാണ്. അക്ഷയുടെ ബൂല്‍ ബുലയ്യ എന്ന ചിത്രത്തിലെ ഹരേ രാം എന്നാ ഗാനമാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാവുന്നത്.

റാം എന്ന് പ്രിന്റ് ചെയ്തിരിക്കുന്ന കാവി കുര്‍ത്തിയും ബിക്കിനിയും ധരിച്ച സ്ത്രീകള്‍ക്കൊപ്പമാണ് ഗാനരംഗങ്ങളില്‍ അക്ഷയ് നൃത്തം ചെയ്യുന്നത്. ദീപികയുടെ കാവി ബിക്കിനിയെ ചൂണ്ടിക്കാട്ടി ബഹളം വക്കുന്ന സംഘപരിവാറിന് അക്ഷയ്കുമാറിന്റെ പാട്ടിലെ റാം എന്ന് പ്രിന്റ് ചെയ്ത കാവി കുര്‍ത്തിയും ബിക്കിനിയും ധരിച്ച സ്ത്രീകള്‍ ഒരു പ്രശ്‌നമല്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇതോടൊപ്പം തന്നെ കത്രീന കൈഫിനൊപ്പം അക്ഷയ് അഭിനയിച്ച ഗലേ ലഗ് ജാ എന്ന പാട്ടും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ കത്രീന കാവി സാരിയാണ് ധരിച്ചിരിക്കുന്നത്.

അതേസമയം വിഷയത്തില്‍ ഷാരൂഖ് പ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാരൂഖ്. സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇന്ന് ഏറെ ജനകീയമാണെന്നും സോഷ്യല്‍ മീഡിയ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന പൊതു വിലയിരുത്തലില്‍ നിന്ന് ഭിന്നമാണ് എന്റെ അഭിപ്രായം. ഇന്നത്തെ കാലത്ത് സിനിമയ്ക്ക് കുറേക്കൂടി വലിയ ഉത്തരവാദിത്തം ഉണ്ടെന്നാണ് ഞാന്‍ കരുതുന്നതെന്നും ഷാരൂഖ് പറഞ്ഞിരുന്നു.

 

നിഷേധാത്മകത എന്നത് സമൂഹമാധ്യമ ഉപഭോഗത്തെ കൂട്ടുമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കും. അത്തരം ശ്രമങ്ങള്‍ കൂട്ടായ്മ എന്നതിനെ അവസാനിപ്പിച്ച് പകരം ഭിന്നിപ്പിക്കലിനെ ആനയിക്കും.
നമ്മെ പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ അത് സഹായിക്കുന്നു. അനുതാപത്തിന്റെയും ഒരുമയുടെയും സാഹോദര്യത്തിന്റേയുമൊക്കെ കഥകള്‍ അത് അനേകരില്‍ എത്തിക്കുന്നു. വിഭിന്ന സംസ്‌കാരങ്ങളും നിറങ്ങളും ജാതികളും മതങ്ങളുമൊക്കെയുള്ള ജനപദങ്ങള്‍ക്ക് പരസ്പരം തിരിച്ചറിവിന്റെ ഒരു പാത സൃഷ്ടിക്കല്‍ കൂടിയാണ് അത്. ലോകം എന്ത് തന്നെ ചെയ്താലും ഞങ്ങളെപോലയുള്ളവര്‍ പോസിറ്റീവായി തുടരുമെന്നും ഷാരൂഖ് വ്യക്തമാക്കുകയുണ്ടായി.