‘സൗദി വെള്ളക്ക’യിലൂടെ വീണ്ടും ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ സന്ദീപ് സേനൻ
എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇക്കുറിയും മലയാള സിനിമയുടെ തിളക്കം. തരുൺ മൂർത്തി സംവിധാനം ചെയ്ത് സന്ദീപ് സേനൻ നിർമ്മിച്ച ‘സൗദി വെള്ളക്ക’ ഇക്കുറി മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ സന്ദീപ് സേനൻ നിർമ്മിച്ച ചിത്രമെത്തിയിരിക്കുന്നത്. 2018-ൽ സന്ദീപ് സേനൻ നിർമ്മിച്ച ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022-ൽ സെൻസർ ചെയ്ത സിനിമകള്‍ക്കുള്ള പുരസ്കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്ക’യിലെ ഐഷ റാവുത്തർ എന്ന കഥാപാത്രത്തെ മികച്ചതാക്കിയതിലൂടെ 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയ ദേവി വർമ്മയ്ക്ക് ലഭിച്ചിരുന്നു. മികച്ച ഡബ്ബിംഗ് ആർടിസ്റ്റ്, മികച്ച വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാരങ്ങളും അന്ന് ‘സൗദി വെള്ളക്ക’യ്ക്ക് ലഭിച്ചിരുന്നു. അവിചാരിതമായി ചെയ്തുപോയ ഒരു തെറ്റിനായി ജീവിത കാലയളവിലെ ഏറെ നാൾ കോടതി കയറിയിറങ്ങേണ്ടി വന്നൊരു വയോധികയുടെ ജീവിതമാണ് ‘സൗദി വെള്ളക്ക’ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരുന്നത്.
ഉർവശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി ഒരുക്കിയ ‘സൗദി വെള്ളക്ക’ ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ മേളകളിൽ പ്രദർശിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ള സിനിമയുമാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ തുടങ്ങിയ സിനിമകളാണ് സന്ദീപ് സേനൻ മുമ്പ് നിർമ്മിച്ചിട്ടുള്ളത്. പൃഥ്വിരാജ്, ഷമ്മി തിലകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിലായത്ത് ബുദ്ധ’യാണ് ഉർവശി തിയേറ്റേഴ്സിന്റേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.