ഇത് പിടിച്ചിരുത്തുന്ന സംഭവം, നമ്മുടെ ചുറ്റുവട്ടങ്ങളിലെ ജീവിതങ്ങളുടെ നേർസാക്ഷ്യം; പ്രേക്ഷക പ്രീതി നേടി ‘നടന്ന സംഭവം’
1 min read

ഇത് പിടിച്ചിരുത്തുന്ന സംഭവം, നമ്മുടെ ചുറ്റുവട്ടങ്ങളിലെ ജീവിതങ്ങളുടെ നേർസാക്ഷ്യം; പ്രേക്ഷക പ്രീതി നേടി ‘നടന്ന സംഭവം’

നമ്മുടെയൊക്കെ ജീവിതങ്ങളിൽ അറിഞ്ഞും അറിയാതേയും സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടല്ലോ. അവ ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റുന്നതോ യാതൊരു മാറ്റവും വരുത്താത്തതോ ഒക്കെയായിരിക്കും. ചിലപ്പോള്‍ ഒന്ന് ചിരിച്ച് തള്ളാവുന്നതോ മറ്റ് ചിലപ്പോള്‍ കാലങ്ങളോളം ഓർത്തിരിക്കുന്നതും ഒക്കെയായിരിക്കും. ഇന്ദിര നഗർ എന്ന ഹൗസിങ് കോളനിയിൽ നടന്ന ചില സംഭവങ്ങള്‍ ഇപ്പോള്‍ കേരളമാകെ ചർച്ചയായിരിക്കുകയാണ്.

ഇന്ദിര നഗറിലെ ഒരു വില്ലയില്‍ കഴിയുന്ന അജിത്തും ധന്യയും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിലാണ് സിനിമയുടെ തുടക്കം. മകളുടെ ജന്മദിന ദിവസം ധന്യയുടെ മുഖത്ത് അത്ര സന്തോഷമില്ല. ഇത് നഗറിലെ മറ്റ് ചിലർക്ക് മനസ്സിലാകുന്നുമുണ്ട്. മുൻശുണ്ഠിക്കാരനായ ഭർത്താവുമായുള്ള ചില ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്ന് നാളുകളായി വേറെ വേറെ മുറികളിലാണ് ഇവരുടെ ഉറക്കം. ഇതിനിടയിൽ നഗറിലെ മറ്റൊരു വില്ലയിലേക്ക് വാടകയ്ക്ക് താമസിക്കാന്‍ എത്തുകയാണ് മറൈന്‍ എന്‍ജിനീയറായ ശ്രീകുമാരന്‍ ഉണ്ണിയും അയാളുടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബവും. ആറ് മാസം കടലിലും ബാക്കി ആറ് മാസം കരയിലുമാണ് ഉണ്ണിയുടെ ജീവിതം.

ജീവിതം പറ്റുന്നത്ര ആഘോഷിച്ച് ജീവിക്കണമെന്നതാണ് ഉണ്ണിയുടെ പോളിസി. ആളുകളുമായി പെട്ടെന്ന് അടുപ്പമാകുന്ന പ്രകൃതക്കാരനുമാണ് ഉണ്ണി. അജിത്തും ഉണ്ണിയും അങ്ങനെ അയൽക്കാരാകുന്നു. പക്ഷേ രണ്ടുപേരും രണ്ട് സ്വഭാവങ്ങളും വിശ്വാസങ്ങളും ജീവിത രീതികളുമൊക്കെയുള്ളവരാണ്. ഇവരുടെ ചുറ്റുവട്ടങ്ങളിൽ നടക്കുന്ന ചില സംഭവങ്ങള്‍ രസകരമായും ഒപ്പം തന്മയത്വത്തോടെയുമാണ് വിഷ്ണു നാരായണ്‍ എന്ന സംവിധായകൻ ‘നടന്ന സംഭവ’ത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ശ്രീകുമാരന്‍ ഉണ്ണി എന്ന കഥാപാത്രം ബിജു മേനോന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. രസകരമായ വേഷം അദ്ദേഹം മികവുറ്റതാക്കിയിട്ടുണ്ട്. അജിത്തേട്ടൻ എന്ന കഥാപാത്രമായി സുരാജ് ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. മൂക്കിന്‍റെ തുമ്പത്ത് ദേഷ്യമുള്ള, കുറേയേറെ ഈഗോകൾ ഉള്ളയാളായി തകർത്തഭിനയിച്ചിട്ടുണ്ട് സുരാജ്. ‘ഡ്രൈവിങ് ലൈസൻസി’ലേയും ‘ജനഗണമന ‘യിലേയും ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ലേയുമൊക്കെ ചില ഷെയ്ഡുകള്‍ സുരാജിന്‍റെ വേഷത്തിനുണ്ട്. ഉണ്ണിയുടേയും അജിത്തിന്‍റേയും ഇവരുടെ ഭാര്യമാരുടേയും ഇടയിലെ സംഘർഷങ്ങള്‍ പ്രേക്ഷകർക്ക് കണക്ടാവുന്ന രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമയുടെ വിജയഘടകം. സമൂഹ മധ്യത്തിൽ പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യത്തെ സിനിമയിൽ കൊണ്ടു വന്നിരിക്കുന്ന രീതി പ്രശംസനീയമാണ്.

ചെറിയൊരു ത്രെഡിനെ രാജേഷ് ഗോപിനാഥ് കെട്ടുറപ്പുള്ളൊരു തിരക്കഥയാക്കിയിട്ടുണ്ട്. ചിരിയിലൂടെ കാര്യഗൗരവമുള്ള ഒരു വിഷയം കൂടി ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. ചിത്രം സംസാരിക്കുന്ന വിഷയത്തിന്‍റെ ഗൗരവം, ആ‍ർക്കും ഒന്നിനും സമയം തികയാത്ത ഇന്നത്തെ കാലത്ത് ഏറെ ചർച്ചയാകേണ്ടതുകൂടിയാണ്. ശരിക്കും ഈ കാലത്തിന്‍റെ സിനിമ തന്നെയാണ് നടന്ന സംഭവം. ‘ജയ് ഭീം’ എന്ന സിനിമയിലൂടെ ഞെട്ടിച്ച ലിജോമോള്‍ ജോസ് അജിത്തിന്‍റെ ഭാര്യയായ ധന്യയുടെ വേഷത്തിൽ മികച്ചൊരു കാസ്റ്റിംഗാണ്. വീട്ടിൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭാര്യയുടെ പിരിമുറുക്കങ്ങളും ആന്തരിക സംഘർഷങ്ങളുമൊക്കെ നന്നായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, സുധി കോപ്പ, ജോണി ആന്‍റണി തുടങ്ങി നിരവധി താരങ്ങളുടെ മികച്ച പെർഫോമൻസുകളും സിനിമയുടെ പ്ലസാണ്. കൂടാതെ ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങളും കുട്ടികളുമൊക്കെ സിനിമയുടെ ഭാഗമായുണ്ട്. പ്രായഭേദമെന്യേ എല്ലാ വിഭാഗം പ്രേക്ഷകർക്കും പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്കും പെട്ടെന്ന് കണക്ടാവുന്നതാണ് ഈ ചെറിയ വലിയ ചിത്രം. കുടുംബങ്ങൾ ചിത്രത്തെ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു കഴിഞ്ഞുവെന്നാണ് തിയേറ്റർ റിപ്പോർട്ട്.