‘മലയാളത്തിലെ ഏറ്റവും വലിയ സിനിമകളുടെ ഭാഗമാകുവാന്‍ തനിക്ക് ഭാഗ്യവശാല്‍ സാധിച്ചിരുന്നു, മോഹന്‍ലാലിനൊപ്പം തുല്യ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു, പക്ഷേ സൂപ്പര്‍സ്റ്റാര്‍ പദവി ദിലീപില്‍ എത്തുകയായിരുന്നു’; മുകേഷ് പറയുന്നു
മലയാള സിനിമയിലെ പ്രമുഖ നടനാണ് മുകേഷ്. ബലൂണ്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ഹാസ്യചിത്രങ്ങളില് അഭിനയിച്ചു. സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു. തുടര്‍ന്ന് മുകേഷ് നായകനായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകര്‍ വന്‍ കൈയ്യടിയോടെ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ടൂ ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ തുടങ്ങിയ മുകേഷിന്റെ രണ്ടു ചിത്രങ്ങള്‍ കൂടി പ്രേക്ഷകര്‍ വന്‍ സ്വീകാര്യതയോടെ ഏറ്റെടുത്തു.
അതുപോലെ, മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെയായിരുന്നു മുകേഷിന്റെയും ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ വലിയ സിനിമകളുടെ ഭാഗമായിട്ടും, വമ്പന്‍ ജനപ്രീതി ഉണ്ടായിട്ടും, സൂപ്പര്‍സ്റ്റാര്‍ ആവാനുള്ള ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ലേ എന്ന ചോദ്യത്തിന് രസകരമായ ഉത്തരം പറയുകയാണ് മുകേഷ്.
സത്യത്തില്‍ അങ്ങനെ ഒരു ആഗ്രഹം ഇല്ലെന്ന് പറയുന്നതാവും ശരിയെന്നാണ് മുകേഷ് പറയുന്നത്. തന്റെ ആദ്യ വലിയ ചിത്രം എന്ന് പറയുന്നത് പ്രിയദര്ശന് സംവിധാനം ചെയ്ത ബോയിങ് ബോയിങ് ആയിരുന്നെന്നും, താനും മോഹന്‍ലാലും ആ ചിത്രത്തില്‍ തുല്യ വേഷങ്ങളിലാണ് എത്തിയതെന്നും മുകേഷ് പറഞ്ഞു. അതുപോലെ, ഗോഡ് ഫാദറും റാംജിറാവും പോലുള്ള മലയാളത്തിലെ ഏറ്റവും വലിയ സിനിമകളുടെ ഭാഗമാകുവാനും തനിക്ക് ഭാഗ്യവശാല്‍ സാധിച്ചിരുന്നു. എന്നാല്‍ ഒരു സൂപ്പര്‍ താരകമാകുക എന്നത് ഒരു സുപ്രഭാതത്തില്‍ നടക്കുന്ന കാര്യമല്ല, ഇവിടെ മമ്മൂട്ടിയും മോഹന്‍ലാലും എന്നല്ല ഏത് ഭാഷയിലെ സൂപ്പര്‍ താരങ്ങളായാലും അവര്‍ അതിനുവേണ്ടി ഒരുപാട് അധ്വാനിച്ചിട്ടും, കഷ്ടപ്പെട്ടിട്ടുമുണ്ട്. അത്കൊണ്ടു തന്നെ വിജയവും പരാജയവും എല്ലാം അവരുടെ ജീവിതത്തെ ബാധിക്കും. അത്തരമൊരു മാനസികാവസ്ഥയിലൂടെ കടന്നുപോകാന്‍ തനിക്ക് സാധിക്കില്ലെന്നാണ് മുകേഷ് പറയുന്നത്. ജീവിതം ആസ്വദിക്കണം എന്ന ചിന്താഗതിക്കാരനാണ് താന്‍, ഇത്തരം പിരിമുറുക്കങ്ങള്‍ ഒന്നും തലയില്‍ വയ്ക്കാന്‍ തനിക്ക് താല്പര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല സ്വീകരിക്കുന്ന വേഷങ്ങളുടെ കാര്യത്തില്‍ എനിക്ക് നിര്‍ബന്ധ ബുദ്ധിയും പ്രത്യേക പദ്ധതികളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ 90 കളിലെ അവസാനം അത് നല്ല രീതിയില്‍ ഉപയോഗിച്ചത് ദിലീപ് ആണെന്നാണ് എന്റെ വിശ്വാസം. ഇപ്പോള്‍ കാണുന്ന സൂപ്പര്‍താരങ്ങളുടെ ഇടയിലേക്ക് അദ്ദേഹം എത്തുവാനും അത്തരം തെരഞ്ഞെടുപ്പുകള്‍ ആണ് കാരണം മകേഷ് വ്യക്തമാക്കി. നാടക പാരമ്പര്യം ഉള്ളതുകൊണ്ടാണ് ആവാം എനിക്ക് എല്ലാ തരം വേഷങ്ങളും ചെയ്യാനാണ് താല്പര്യമെന്നും മുകേഷ് പറഞ്ഞു.