‘മേ ഹൂം മൂസ’യിലെ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
പാപ്പന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ‘സൗ രംഗ് മില്‍ക്കെ’ എന്ന ദേശഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.
ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജ്ജാദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കര്‍ ആണ്. ‘ഭാരതീയന്റെ ആത്മാഭിമാനത്തിന്റെ അമൃത് മഹോത്സവം. ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോഴും ആഘോഷിക്കപ്പെടുമ്പോഴും നനവ് വേണം നിനവ് വേണം, മനസിലുണ്ടാവണം, ഇരുട്ടത്തണഞ്ഞുപോയ കുറേ ബൂട്ടുകളുടെ ശബ്ദം.’ സുരേഷ് ഗോപി വീഡിയോയില്‍ പറഞ്ഞു.
അതേസമയം, സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് ‘മേ ഹൂം മൂസ’. ചിത്രം സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ചില യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലപ്പുറംകാരനായാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാഘട്ടമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധപ്രദേശങ്ങളില്‍ ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രമാണ് മേ ഹൂം മൂസ. കഥ, തിരക്കഥ, സംഭാഷണം റുബീഷ് റെയ്ന്‍ ആണ്.
സുരേഷ് ഗോപിക്ക് പുറമെ, സൈജു കുറുപ്പ്, ഹരീഷ് കണാരന്, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണന് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൂരജ്. അതേസമയം, സുരേഷ് ഗോപിയുടെ ഏറ്റവും ഒടുവില്‍ പുറത്തിങ്ങിയ ചിത്രമായിരുന്നു പാപ്പന്. ചിത്രം പ്രദര്‍ശനത്തിന് എത്തിയ അന്ന് മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.