‘മാളികപ്പുറം സിനിമ എന്നിലേക്ക് വന്ന നിമിഷം തൊട്ട് എന്റെ മനസ്സും ശരീരവും വ്രതത്തില്‍ ആയിരുന്നു’; മനോജ് കെ ജയന്‍
മകരവിളക്ക് എന്ന് പറഞ്ഞാല്‍ തന്റെ കുട്ടിക്കാലമാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്ന് നടന്‍ മനോജ് കെ ജയന്‍. ഞങ്ങളുടെ കുടുംബത്തിന് വയരെയധികം ആത്മബന്ധം ഉള്ള ഒരു ദൈവമാണ് അയ്യപ്പനെന്നും, എല്ലാകാലത്തും ഞങ്ങളുടെ കുടുംബത്തിന്റെ നായകന്‍ അയ്യപ്പന്‍ തന്നെയാണെന്നും മനോജ് കെ ജയന്‍ കുറിച്ചു. അയ്യപ്പസ്വാമിയുടെ കടാക്ഷം കൊണ്ടാണ് അച്ഛനുള്‍പ്പടെയുള്ളവര്‍ അത്രയും ഔന്നത്യത്തില്‍ എത്തിയതെന്നും അന്നത്തെ കാലത്ത് അയ്യപ്പസ്വാമിയെപ്പറ്റിയുള്ള പാട്ടുകളിലൂടെ അവര്‍ക്ക് ഒരുപാട് പ്രചാരവും കിട്ടിയിട്ടുണ്ടെന്നും മനോജ് കെ ജയന്‍ പറയുന്നു.
അതുപോലെ, മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം കുറിച്ചു. ‘മാളികപ്പുറം’എന്ന സിനിമയുടെ പമ്പയിലെ ചിത്രീകരണം തീര്‍ന്ന ദിവസം ആയിരുന്നു ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ മല ചവിട്ടിയതെന്നും, ഈശ്വര നിയോഗം പോലെ വളരെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യമായിരുന്നു ആ ശബരിമല യാത്രയെന്നുമാണ് നടന്‍ പറയുന്നത്.
മാളികപ്പുറം സിനിമ വന്ന നിമിഷം തൊട്ട് തന്റെ മനസ്സും ശരീരവും വ്രതത്തില്‍ ആയിരുന്നു… പമ്പയില്‍ നിന്നും ഇരുമുടിയില്ലാതെ മല ചവിട്ടുമ്പോള്‍ അല്‍പ്പം വിഷമം തോന്നിയിരുന്നു എങ്കിലും, കുഞ്ഞുനാള്‍ തൊട്ട് ഞാനും നിങ്ങളും കേട്ട് പരിചയിച്ച അച്ഛന്റെയും, കൊച്ചച്ചന്റെയും അയ്യപ്പസ്തുതികള്‍ മനസ്സില്‍ അലയടിക്കവേ, തന്റെ മനസ്സും ശരീരവും പുണ്യവൃതത്തോടുകൂടിള്ള ശബരിമലയാത്രയായി തീര്‍ന്നു… സാധാരണക്കാരില്‍ ഒരാളായി ആരെയും അറിയിക്കാതെ ഞാന്‍ മലചവിട്ടി കയറുമ്പോള്‍ പൊന്നയ്യന്റെ പുണ്യ ദര്‍ശനം മാത്രമായിരുന്നു മനസ്സില്‍.. മനോജ് കെ ജയന്‍ കുറിക്കുന്നു.
മനോജ് കെ ജയന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
‘തത്ത്വമസി’
ഈശ്വര നിയോഗം പോലെ വളരെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യമായിരുന്നു ഈ ശബരിമല യാത്ര ”മാളികപ്പുറം’എന്ന സിനിമയുടെ പമ്പയിലെ ചിത്രീകരണം തീര്‍ന്ന ദിവസം ആയിരുന്നു ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മല ചവിട്ടുന്നത്. ഈ സിനിമ എന്നിലേക്ക് വന്ന നിമിഷം തൊട്ട് എന്റെ മനസ്സും ശരീരവും വ്രതത്തില്‍ ആയിരുന്നു… പമ്പയില്‍ നിന്നും ഇരുമുടിയില്ലാതെ മല ചവിട്ടുമ്പോള്‍ അല്‍പ്പം വിഷമം തോന്നിയിരുന്നു എങ്കിലും, കുഞ്ഞുനാള്‍ തൊട്ട് ഞാനും നിങ്ങളും കേട്ട് പരിചയിച്ച അച്ഛന്റെയും,കൊച്ചച്ചന്റെയും അയ്യപ്പസ്തുതികള്‍ മനസ്സില്‍ അലയടിക്കവേ, എന്റെ മനസ്സും ശരീരവും പുണ്യവൃതത്തോടുകൂടിള്ള ശബരിമലയാത്രയായി തീര്‍ന്നു…
സാധാരണക്കാരില്‍ ഒരാളായി ആരെയും അറിയിക്കാതെ ഞാന്‍ മലചവിട്ടി കയറുമ്പോള്‍ പൊന്നയ്യന്റെ പുണ്യ ദര്‍ശനം മാത്രമായിരുന്നു മനസ്സില്‍.. പിന്നങ്ങോട്ടുള്ള നിമിഷങ്ങളെല്ലാം ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.. ഒരു കലാകാരന്‍ എന്ന നിലയിലും, വലിയൊരു അച്ഛന്റെ മകനായി ജനിച്ചു,എന്നജന്മസുകൃതം കൊണ്ടും,അയ്യപ്പ സന്നിധിയില്‍ നിന്നും എനിക്കു കിട്ടിയ സ്‌നേഹത്തിനും,ആദരവിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… അത്രത്തോളം ദൈവീകവും,മനോഹരമായിരുന്നു ആ നിമിഷങ്ങള്‍… കാനനവാസന്‍ കലിയുഗ വരദന്റെ ചൈതന്യത്തില്‍ സ്വയം മറന്നലിയാനുള്ള അസുലഭ ഭാഗ്യം കിട്ടിയ പുണ്യ നിമിഷം… ഈ അവസരത്തില്‍ എന്നെ ഞാനാക്കിയ പ്രിയപ്പെട്ടവരോടും, ക്ഷേത്ര ഭാരവാഹികളോടും…
എനിക്ക് സന്നിധാനത്ത് സ്‌നേഹ സംരക്ഷണം നല്‍കിയ പ്രിയപ്പെട്ട കോണ്‍സ്റ്റബിള്‍”Sanith mandro’നോടും യാത്രയിലെ ധന്യനിമിഷങ്ങള്‍ ഞാനറിയാതെ പകര്‍ത്തി എനിക്ക് എഡിറ്റ് ചെയ്ത് അയച്ചുതന്ന പ്രിയപ്പെട്ട സുഹൃത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു…
സ്വാമിയേ ശരണമയ്യപ്പാ…