“ആ കാര്യത്തിന് നിർമ്മാതാവിനോട് മാപ്പ് ചോദിക്കുകയും അദ്ദേഹത്തിന് നഷ്ടം ഉണ്ടായ പണം തിരികെ നൽകുകയും ചെയ്തു മമ്മൂട്ടി”- സംഭവം ഇങ്ങനെ..
മലയാള സിനിമയ്ക്ക് എന്നും അത്ഭുതമായിട്ടുള്ള ഒരു നടൻ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒക്കെ ഇന്നും മലയാളികളെ അമ്പരപ്പിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിന് പുറമേ ഹിന്ദിയിലും തമിഴിലും മറാത്തിയിലും തെലുങ്കിലും കന്നടയിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയങ്ങളും അതോടൊപ്പം തന്നെ കനത്ത പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമയുടെ എല്ലാ വശങ്ങളും കണ്ടിട്ടുള്ള ഒരു മനുഷ്യൻ തന്നെയാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ പരാജയങ്ങൾ അദ്ദേഹത്തെ മടുപ്പിക്കുകയോ വിജയങ്ങൾ അദ്ദേഹത്തെ ത്രസിപ്പിക്കുകയോ ചെയ്യാറില്ല.
മമ്മൂട്ടിയെ സംബന്ധിച്ച് കഷ്ടകാലം നിറഞ്ഞ ഒരു വർഷമായിരുന്നു 1987 എന്ന് പറയുന്നത്. തുടർച്ചയായ 9 ചിത്രങ്ങളിൽ നിർമാതാക്കൾ എല്ലാം കുത്തുപാളയെടുത്ത ഒരു വർഷമായിരുന്നു. ഇതിനിടയിൽ ചെയ്യുന്ന ഒരു ചിത്രത്തിൽ മമ്മൂട്ടി വൈകി വന്നതിനെത്തുടർന്ന് നിർമ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായ ഒരു സംഭവമുണ്ട്. ഈ വിഷയത്തിൽ ആ കാശ് തിരികെ കൊടുത്ത നിർമ്മാതാവിനോട് മമ്മൂട്ടി മാപ്പ് പറഞ്ഞ സംഭവം വരെയുണ്ടായിരുന്നു. കാലം മാറി കഥ മാറി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ദിവസമാണ് മമ്മൂട്ടി സെറ്റിലെത്താൻ അല്പം വൈകിയത്. ഒരുപാട് സമയം കാത്തിരുന്നിട്ടും മമ്മൂട്ടി മാത്രം എത്തിയില്ല.
ഷൂട്ടിംഗ് തുടങ്ങുന്നതിനുള്ളിൽ എത്തുമെന്ന് കരുതിയെങ്കിലും വന്നില്ല. മറ്റു ചില ചിത്രങ്ങളുടെ തിരക്കുമായി അദ്ദേഹം വളരെയധികം തിരക്കിലായിരുന്നു. അന്നത്തെ തിരക്കുള്ള താരങ്ങൾ തന്നെയായിരുന്നു ലാലു അലക്സ്,തിലകൻ, ബാലൻ കെ നായർ, ശോഭന തുടങ്ങിയവർ എല്ലാവരും തന്നെ. സമയക്രമങ്ങൾ എല്ലാം കുഴഞ്ഞു മറിഞ്ഞതിനെ തുടർന്ന് നിർമാതാവിന് ഒന്നരലക്ഷം രൂപയാണ് നഷ്ടം വന്നത്. മറ്റു ചിത്രങ്ങളുടെ തിരക്കിൽ നിന്നും ഓടിയെത്തി മമ്മൂട്ടി നിർമ്മാതാവിനെ ചെന്ന് കാണുകയും ചെയ്തു. അദ്ദേഹം ദേഷ്യത്തോടെ ഇരുന്നപ്പോൾ താങ്കൾ കാരണം ഉണ്ടായത് എത്ര രൂപയുടെ നഷ്ടമാണെങ്കിലും ആ പണം തിരികെ നൽകാമെന്നും അതിനു നിങ്ങൾ ബാധ്യസ്ഥനാണ് എന്നും മമ്മൂട്ടിയോട് പറഞ്ഞു. അപ്പോൾ തന്നെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ചെക്ക് ബുക്ക് എടുത്ത് ചോദിച്ച പണം എഴുതി നൽകുകയും തന്റെ ഭാഗത്തു നിന്നും വന്ന തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്ന് പറയുകയും ചെയ്തിരുന്നു എന്നതാണ് അറിയുന്നത്.