മമ്മൂട്ടി ചിത്രം ‘ടര്‍ബോ’ അറബിക് പതിപ്പ് വരുന്നു; ടീസര്‍ ഇന്ന്
1 min read

മമ്മൂട്ടി ചിത്രം ‘ടര്‍ബോ’ അറബിക് പതിപ്പ് വരുന്നു; ടീസര്‍ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ്. മെയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ അറബിക് പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി അറബിക് ടീസര്‍ പുറത്തെത്തും. ഇന്ന് രാത്രി 9.15 ന് (യുഎഇ സമയം 7.45) ന് അറബിക് ടീസര്‍ പുറത്തെത്തും.

ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. മാസ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തുന്നത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനാണ് ടര്‍ബോ നേടിയത്.

പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.