മമ്മൂക്കയ്ക്ക് 73-ാം പിറന്നാള്‍..!! സര്‍പ്രൈസുമായി വീടിനു മുന്നില്‍ ആരാധകര്‍…; വീഡിയോ കോളിലെത്തി താരം
1 min read

മമ്മൂക്കയ്ക്ക് 73-ാം പിറന്നാള്‍..!! സര്‍പ്രൈസുമായി വീടിനു മുന്നില്‍ ആരാധകര്‍…; വീഡിയോ കോളിലെത്തി താരം

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂക്ക. പ്രായം മമ്മൂട്ടിക്ക് പിറകെ ചലിക്കുന്ന അക്കങ്ങള്‍ മാത്രമാണ്. മമ്മൂട്ടി ആരാധകര്‍ മറന്നുപോകാത്ത ദിവസങ്ങളിലൊന്നാണ് ഇന്ന്. പതിവുപോലെ മമ്മൂട്ടിയുടെ എറണാകുളത്തെ വീടിന് മുന്നില്‍ ഇത്തവണയും അര്‍ധരാത്രിയോടെ ആരാധകര്‍ എത്തി. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും ആഹ്ലാദം പങ്കുവച്ച ആരാധക കൂട്ടത്തോട് വീഡിയോ കോളിലൂടെ മമ്മൂട്ടിയും സംവദിച്ചു. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.

1951 സെപ്റ്റംബര്‍ 7 ന് ജനിച്ച മമ്മൂട്ടിയുടെ 73-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറെ പ്രധാനമായ ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കാറുള്ളതുകൊണ്ട് ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ എപ്പോഴും തേടിയെത്താറുണ്ട്. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ എപ്പോഴും തന്നെ പുതുക്കാന്‍ ശ്രമിക്കുന്ന പരീക്ഷണത്വരയാണ് ഒരു കലാകാരനായുള്ള അദ്ദേഹത്തിന്‍റെ യഥാര്‍ഥ യുവത്വം.

https://www.facebook.com/share/v/4an8LqodyN9MkvXw/?mibextid=wILeQC

സമീപകാലത്ത് സിനിമയിലെ മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകള്‍ ദേശീയ തലത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകളില്‍ പലതിന്‍റെയും നിര്‍മ്മാണവും അദ്ദേഹമിപ്പോള്‍ സ്വയമാണ് നിര്‍വ്വഹിക്കാറ് എന്നതും കൌതുകകരം. മമ്മൂട്ടി കമ്പനി എന്ന് പേരിട്ടിരിക്കുന്ന ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കും കാതലും കണ്ണൂര്‍ സ്ക്വാഡുമൊക്കെ എത്തിയത്. വരാനിരിക്കുന്ന ചിത്രങ്ങളിലും മമ്മൂട്ടി ഞെട്ടിക്കല്‍ തുടരും എന്നതിന് തെളിവാണ് അദ്ദേഹത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫി ലിസ്റ്റ്. നവാഗതനായ ഡീനൊ ഡെന്നിസിന്‍റെ ബസൂക്കയും ഗൌതം വസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മമ്മൂട്ടിയുടെ തൊട്ടടുത്ത റിലീസുകള്‍. അദ്ദേഹം തന്നെ പറയുമ്പോലെ കാലത്തിനൊപ്പം തേച്ചുമിനുക്കപ്പെട്ട ആ അഭിനയകലയ്ക്ക് ആയുരാരോഗ്യസൌഖ്യം നേരുകയാണ് മലയാളികള്‍.