‘ലിയോ’യായി വിജയ്…! ലോകേഷ് കനകരാജ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖാപിച്ചു
1 min read

‘ലിയോ’യായി വിജയ്…! ലോകേഷ് കനകരാജ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖാപിച്ചു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൈറ്റില്‍ റിവീല്‍ പ്രമോയിലൂടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ലിയോ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഇന്നലെമുതല്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാവിഷയമായിരുന്നു എന്തായിരിക്കും സിനിമയുടെ ടൈറ്റില്‍ എന്ന്. ജനുവരി 30ന് ശേഷം ചിത്രത്തെ കുറിച്ചുള്ള തുടര്‍ച്ചയായ അപ്ഡേറ്റുകള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചിട്ടുണ്ട്. കൈതിയും വിക്രവും പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന ചിത്രമാണോ ദളപതി 67 എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്രം സിനിമയിലൂടെ തന്റേതായ യൂണിവേഴ്‌സ് പ്രഖ്യാപിച്ച ലോകേഷ് ഈ ചിത്രത്തില്‍ എന്ത് മാജിക്ക് ആകും ഒരുക്കിവച്ചിരിക്കുക എന്ന ആകാംക്ഷയും ആരാധകരിലുണ്ട്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. മലയാളി നടന്‍ മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

ഒഫിഷ്യല്‍ ലോഞ്ചിനു മുന്‍പേ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ജനുവരി 2 ന് ആയിരുന്നു ആരംഭം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഷെഡ്യൂള്‍ കശ്മീരില്‍ ആണ്. ലോകേഷ്, നായിക തൃഷ എന്നിവരടക്കമുള്ള ക്രൂവിനൊപ്പം വിമാനത്തില്‍ കശ്മീരിലേക്ക് പറക്കുന്ന വിജയ്‌യുടെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് പരമഹംസയാണ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, രാംകുമാര്‍ ബാലസുബ്രഹ്മണ്യമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് പൊന്നുംവിലയ്‌ക്കെടുത്ത വിവരം വന്നത് കഴിഞ്ഞ ദിവസമാണ്. സാറ്റ്ലൈറ്റ് അവകാശം സണ്‍ ടിവിയ്ക്കാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത് സോണി മ്യൂസിക്ക് ആണ്.