‘എത്രയും പെട്ടെന്ന് കൊച്ചിയിലെത്തണം’; വന്ദേഭാരതില്‍ യാത്ര ചെയ്ത് ചാക്കോച്ചന്
ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയില്‍ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് വന്ദേഭാരത്. കഴിഞ്ഞ അഴ്ച മുതല്‍ രണ്ടാമത്തെ വന്ദേഭാരതും ഓടിതുടങ്ങി. നിരവധി പേരാണ് യാത്രയ്ക്കായി വന്ദേഭാരതിനെ ആശ്രയിക്കുന്നത്. ഇതില്‍ സിനിമ-സാംസ്കാരിക മേഖലയിലുള്ളവരും ഉണ്ട്. ഈ അവസരത്തില്‍ മലയാളികളുടെ പ്രിയ നായകന് കുഞ്ചാക്കോ ബോബന് വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കണ്ണൂര്‍ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതില്‍ യാത്ര ചെയ്തത്. കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചന് കൊച്ചിക്ക് പുറപ്പെട്ടത്. തന്റെ പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന് പ്രവര്‍ത്തനങ്ങള്‍ക്കാണ് ചാക്കോച്ചന് കൊച്ചിയില്‍ എത്തുന്നത്.
ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്, അര്ജുന് അശോകന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചാവേര്‍ ഈ മാസം ഒക്ടോബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നിങ്ങനെ തന്റെ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകളെ വെറുതെയാക്കില്ല എന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ട്രെയ്ലര് നല്കുന്ന ഉറപ്പും. വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. മനോജ് കെ.യു, സംഗീത, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.
ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങളും ത്രില്ലും സസ്പെന്‍സുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒരു ആക്ഷന്‍ പൊളിറ്റിക്കല്‍ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേര്‍ എന്നാണ് നടന് കുഞ്ചാക്കോ ബോബന് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ചാവേര്‍. ആന്റണി വര്‍ഗ്ഗീസ്, മനോജ്, സജിന്‍, അനുരൂപ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.