വേറിട്ട ഗെറ്റപ്പില്‍ അന്ന ബെന്‍… ; “കൊട്ടുകാളി” ഫസ്റ്റ്ലുക്ക് ടീസര്‍ പുറത്ത്
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അന്ന ബെന്‍. സിനിമയിലെ ബേബി മോള് എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന് എന്ന ചിത്രത്തിലൂടെയും അന്ന ബെന്‍ വിസ്മയിപ്പിച്ചിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ നടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. കപ്പേള, സാറാസ്, കാപ്പ അങ്ങനെ നിരവധി ചിത്രങ്ങളില്‍ അന്ന മികച്ച അഭിനയം കാഴ്ച്ചവെച്ചു. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഇപ്പോഴിതാ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അന്ന ബെന്‍. പി എസ് വിനോദ്രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊട്ടുകാളി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തെത്തി. വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന അന്ന ബെന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് ടീസറിലെ ഹൈലൈറ്റ്. മേക്ക് ഡൌണ്‍ ചെയ്താണ് ചിത്രത്തിലെ കഥാപാത്രമായി അന്ന എത്തുന്നത്.
പി എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുതലമുറ സംവിധായകരില്‍ ഏറെ ശ്രദ്ധ നേടിയ ആളാണ് പി എസ് വിനോദ്രാജ്. 2022ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി ആയിരുന്ന ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്കാരം കൂഴങ്കല്ല് സ്വന്തമാക്കിയിരുന്നു. സൂരിയാണ് ചിത്രത്തിലെ നായകന്. എസ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയനാണ് കൊട്ടുകാളി നിര്‍മ്മിക്കുന്നത്. വിനോദ്രാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബി ശക്തിവേല്‍ ആണ്.
എഡിറ്റിംഗ് ഗണേഷ് ശിവ, സൌണ്ട് ഡിസൈന്‍ സൂറെന്‍ ജി, എസ് അളഗിയ കൂതന്‍, പ്രൊഡക്ഷന്‍ സൊണ്ട് മിക്സര്‍ രാഘവ് രമേശ്, പബ്ലിസിറ്റി ഡിസൈന്‍ കബിലന്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ് രാഗുല്‍ പരശുറാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബാനു പ്രിയ, ഡിഐ പ്രൊമോ വര്‍ക്സ്, വിഎഫ്എക്സ് ശേഖര്‍ മുരുകന്, സ്റ്റില്‍സ് ആന്‍ഡ് മേക്കിംഗ് വീഡിയോ ചെഗു, പിആര്‍ഒ സുരേഷ് ചന്ദ്ര- രേഖ ഡിവണ്‍, കോ പ്രൊഡ്യൂസര്‍ കാലൈ അരശ്.
അതേസമയം രണ്ട് മലയാളം ചിത്രങ്ങളും അന്ന ബെന്നിന്റേതായി പുറത്തുവരാനുണ്ട്. എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നിട്ട് അവസാനം’, നവാഗതനായ ജെക്സണ് ആന്റണി സംവിധാനം ചെയ്യുന്ന അഞ്ച് സെന്റും സെലീനയും എന്നിവയാണ് അവ. വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എംസി ജോസഫ് ഒരുക്കുന്ന ചിത്രമാണ് എന്നിട്ട് അവസാനം. എ ജെ ജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍,ജോബിന് ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകര്‍ നിര്‍വ്വഹിക്കുന്നു.