‘സാധാരണക്കാരനില്‍ സാധാരണക്കാരനാണ് സുരേഷ് ഗോപി’ ; കവിയൂര്‍ പൊന്നമ്മ മനസ് തുറക്കുന്നു
നടി കവിയൂര്‍ പൊന്നമ്മ മലയാള സിനിമയുടെ തന്നെ അമ്മയാണ്. സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരുപാട് അമ്മ റോളുകളിലെത്തിയതോടെ പ്രേക്ഷകരുടെ മനസിലും അവര്‍ അമ്മ തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും സിനിമകളില്‍ സജീവമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപിയുമടക്കം പ്രമുഖ താരങ്ങളുടെ അമ്മയായി മലയാളികളുടെ മനസില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ നടന് സുരേഷ് ഗോപിയെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞ പഴയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. സുരേഷിനെ കുഞ്ഞില്‍ എടുത്തു നടന്നിട്ടുണ്ടെന്നും സുരേഷ് ഗോപി പാവമാണെന്നും വീട്ടില്‍പോയാല്‍ സാധരണക്കാരനാണെന്നും താരം പറയുന്നു.
സുരേഷ് ഗോപിയുടെ അമ്മയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സുരേഷിനെ ശരിക്കും പറഞ്ഞാല്‍ ഞാന്‍ എടുത്തുകൊണ്ട് നടന്നിട്ടുണ്ട്. ഞാനും അന്ന് കൊച്ചായിരുന്നു. സുരേഷ് ഗോപിയെ ആറ് മാസമുള്ളപ്പോള്‍ ഞാന്‍ എടുത്തുകൊണ്ട് നടന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ഏതോ ഒരു സിനിമയുടെ ലൊക്കോഷനില്‍ ഒറ്റപാലത്ത് വെച്ച് ഒരു നാലഞ്ച് വയസ്സുള്ള ഒരു കുട്ടി വള്ളിനിക്കറിട്ട് എന്നെ നോക്കുന്നു. അവന് മറ്റുള്ളവരെയുമെല്ലാം നന്നായി വാച്ച് ചെയ്യുന്നുണ്ട്. ഞാന്‍ കുറെ നേരം അവനെ നോക്കി നിന്നു. ഞാന്‍ അവനോട് ഇങ്ങടുത്ത് വരാന്‍ പറഞ്ഞു. ഓടി അടുത്ത് വന്നപ്പോള്‍ ഞാന്‍ ചോദിച്ചു മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടമെന്ന് അപ്പോള്‍ പറഞ്ഞു അല്ല, മമ്മൂട്ടി അങ്കിളിനെ ആണോ അതും അല്ല, മോന് പിന്നെ ആരെയാ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു എനിക്കിഷ്ടം സുരേഷ് ഗോപിയെ ആണെന്ന്. ഞാന്‍ എപ്പോഴും അത് ഓര്‍ക്കും. വളരെ അഭിമാനത്തോടെ അവന് പറയുന്നത്. സുരേഷ് ഗോപി വളരെ സാധാരണക്കാരനാണ്. സാധാരണക്കാരനില്‍ സാധാരണക്കാരനാണ്. പാവമാണ് സുരേഷെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കുന്നു.
സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘പാപ്പന്’. ജോഷി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. ചിത്രം റിലീസ് ചെയ്ത് ഇരുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിട്ടു.പാപ്പന് ബോക്സ് ഓഫീസ് കളക്ഷന്‍ 50 കോടിയിലധികം നേടുകയും ചെയ്തു. തിയറ്റര്‍ കളക്ഷന്‍ പുറമേ , ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റതും ചേര്‍ത്തായിരുന്നു ഈ കണക്ക്. സുരേഷ് ഗോപിയും മകന് ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് ‘പാപ്പന്’. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണിത്.