മമ്മൂട്ടിയുടെ കാതൽ കാണാൻ തിക്കും തിരക്കും; ഡെലിഗേറ്റുകളും സംഘാടകരും തമ്മിൽ വൻ തർക്കം
മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’ തിയേറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയിൽ ‘മലയാളം സിനിമ ടുഡേ’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ റിസർവേഷൻ ടിക്കറ്റുകൾ വളരെ പെട്ടെന്നായിരുന്നു ബുക്ക് ചെയ്തുപോയത്. അതേസമയം റിസർവേഷൻ ഇല്ലാത്ത 30 ശതമാനം സീറ്റുകളിലേക്ക് ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് തിയേറ്ററുകൾക്ക് മുൻപിൽ എത്തിയത്.
അതുകൊണ്ട് തന്നെ വൻ തിരക്കാണ് ആദ്യ പ്രദർശനത്തിന് മുൻപെ ഉണ്ടായത്. കൂടാതെ സീറ്റ് ലഭിക്കാത്ത പ്രതിനിധികളും സംഘാടകരുമായി വാക്കുതർക്കമുണ്ടായി. ക്യൂ നിന്നവരിൽ നിന്നും 30 ശതമാനം പേരെ പോലും തീയേറ്ററിനുള്ളിലേക്ക് കയറ്റിയില്ലെന്നാണ് തർക്കത്തിന് കാരണമായത്.
നേരത്തെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അവിടെയും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് എന്നാണ് കാതലിലെ മാത്യു ദേവസി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.