‘ജെഎസ്കെ’യിലെ സംഘട്ടനരംഗം പൂര്‍ത്തിയാക്കി സുരേഷ് ഗോപി
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ആഘോഷിക്കപ്പെട്ട നടൻ എന്ന് പറയാൻ സാധിക്കുന്ന താരം കൂടിയാണ് സുരേഷ് ഗോപി . ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ടന്ന് പറയാം. സിനിമകളിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയിൽ മലയാളത്തിൽ പ്രേക്ഷകർക്ക് കാണാൻ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി പിന്നീട് വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ സുരേഷ് ഗോപി പുതിയ ചിത്രങ്ങളുടെ ഷൂട്ടിംങ് തിരക്കുകളിലാണ്. ചിത്രങ്ങളുടെ അപ്ഡേറ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജെഎസ്കെ. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായ ണ് സുരേഷ് ഗോപി ജെഎസ്കെയിൽ എത്തുന്നത്. സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ജെഎസ്കെ എന്ന ചിത്രത്തിനുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന വേളയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. ജെഎസ്കെയിലെ ക്ലൈമാക്സ് ഫൈറ്റ് സീനുകൾ നാഗർകോവിലിൽ അടുത്തിടെ ഷൂട്ട് ചെയ്തിരുന്നു. ഒന്നര കോടി രൂപ മുതൽ മുടക്കിൽ ഏഴു ദിവസം കൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് ചെയ്തത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജാശേഖറാണ് ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ ആണ് ചിത്രം നിർമിക്കുന്നത്. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്കെ’യ്ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രണദിവെ ആണ്. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ, എഡിറ്റർ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണൻ, ആർട്ട് ജയൻ ക്രയോൺ, കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, പ്രൊഡക്ഷൻ കൺട്രോളർ മുരുഗദാസ് മോഹൻ, ഡിജിറ്റൽ മാർക്കറ്റിങ് ജയകൃഷ്ണൻ ആർ കെ, അനന്തു സുരേഷ് , വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.