ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന വാര്‍ത്ത ; ‘ജവാന്‍’ റിലീസ് നീളും
1 min read

ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന വാര്‍ത്ത ; ‘ജവാന്‍’ റിലീസ് നീളും

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ ചിത്രം എത്തി. ഷാരൂഖിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചൊക്കെയുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് പഠാന്‍. എന്നാല്‍ ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് ലേശം നിരാശ തോന്നാവുന്ന ഒരു വാര്‍ത്ത ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. കിംഗ് ഖാന്‍ നായകനാവുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്ന സമയത്ത് എത്തിയേക്കില്ല എന്നതാണ് അത്.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ ടൈറ്റിലിനൊപ്പം കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജൂണ്‍ 2 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അറിയിപ്പ്. എന്നാല്‍ ചിത്രം ഈ ഡേറ്റില്‍ എത്തില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇപ്പോള്‍ അറിയിക്കുന്നത്. ചിത്രീകരണം പോലും ഇനിയും പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമാണുള്ളത്. സ്വാഭാവികമായും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നീളും. ഈ സാഹചര്യത്തില്‍ ചിത്രം ജൂണില്‍ റിലീസ് ചെയ്യാനാവില്ലെന്നും ഒക്ടോബറിലേക്ക് നീട്ടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വൈകാതെ പ്രഖ്യാപനം വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജവാനും. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമാണ് ഇത്. കഴിഞ്ഞദിവസം ഷാരൂഖ് ഖാന്‍ ചെന്നൈയില്‍ നയന്‍താരയെ സന്ദര്‍ശിച്ച വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. വൈറലായ ഒരു വീഡിയോയില്‍ ആരാധകര്‍ തടിച്ചുകൂടിയതിന് ഇടയിലൂടെ കാറില്‍ കയറുന്ന ഷാരൂഖ് കാര്‍ ഡോര്‍ പകുതി തുറന്ന് നയന്‍താരയുടെ കവിളില്‍ ചുംബിക്കുന്നത് കാണാം. തുടര്‍ന്ന് നയന്‍താര ഷാരൂഖിന് നേരെ കൈവീശി കാറിന്റെ ഡോര്‍ അടച്ച് യാത്ര പറയുന്നത് കാണാം. ജവാന്‍ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ അറ്റ്ലിക്ക് കുഞ്ഞു പിറന്നത്. ഈ കുഞ്ഞിനെ കാണാനാണ് ഷൂട്ടിംഗ് ഇടവേളയില്‍ ഷാരൂഖ് അറ്റ്ലിക്കൊപ്പം ചെന്നൈയില്‍ എത്തിയത്. ഒപ്പം നയന്‍താരയെയും സന്ദര്‍ശിച്ചുവെന്നാണ് വിവരം.

കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം.