അപൂർവ്വങ്ങളിൽ അപൂർവ്വം ഈ രണ്ടാം വരവ്; റീ റിലീസിൽ ഹിറ്റടിച്ച് ‘ഗു’
1 min read

അപൂർവ്വങ്ങളിൽ അപൂർവ്വം ഈ രണ്ടാം വരവ്; റീ റിലീസിൽ ഹിറ്റടിച്ച് ‘ഗു’

നാളുകള്‍ക്ക് മുമ്പിറങ്ങിയ സിനിമകൾ തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുന്നത് ഇപ്പോൾ സാധാരണമായി വരുന്നൊരു പ്രവണതയാണ്. ഒട്ടേറെ ഹിന്ദി, തമിഴ്, മലയാളം സിനിമകൾ അത്തരത്തിൽ അടുത്തിടെ തിയേറ്ററുകളിൽ എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു റീ റിലീസിന് കേരളത്തിലെ തിയേറ്ററുകള്‍ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മെയ് 17ന് തിയേറ്ററുകളിലെത്തിയ ഹൊറർ ചിത്രം ‘ഗു’ രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്.

വളരെ അപൂർവ്വമായി മാത്രം മലയാള സിനിമയിൽ സംഭവിക്കുന്ന കാര്യമാണ് ‘ഗു’വിന്‍റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. റിലീസിന് രണ്ട് മാസങ്ങൾക്ക് ശേഷം ഒരു രണ്ടാം വരവ്. പൊതുവെ സിനിമകൾ ഇറങ്ങി ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോള്‍ റീ റിലീസ് ചെയ്യാറുണ്ട്. ചിലപ്പോള്‍ ഒന്നാം ഭാഗമിറങ്ങി അത് പരാജയപ്പെട്ട് രണ്ടാം ഭാഗം ഇറങ്ങി അത് ഹിറ്റായി മാറുന്ന പ്രവണതയുമുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായാണ് ഇപ്പോൾ ‘ഗു’വിന്‍റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.

 

 

ഈ റീ റിലീസിൽ കണ്ണൂരിൽ തന്നെ രണ്ട് ദിവസത്തോളം ഹൗസ് ഫുള്‍ ഷോ കിട്ടി കഴിഞ്ഞു, കൂടാതെ സംസ്ഥാനത്തെ മറ്റ് റിലീസിംഗ് കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ്. റീ റിലീസിൽ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ തിയേറ്ററുകളിൽ നിറയുകയാണ്. ചിത്രത്തിൽ സൈജു കുറുപ്പ്, നിരഞ്ജ്, ദേവനന്ദ തുടങ്ങിയ താരങ്ങളുടെ അടുത്ത കാലത്തിറങ്ങിയ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായ അഭിനയമുഹൂർത്തങ്ങളുണ്ട് എന്നതൊരു പ്രത്യേകതയാണ്.

അവരോടൊപ്പം പുതുമുഖങ്ങളായ ആൽവിൻ, അനീന, അഭിജിത്ത് എന്നീ മൂന്ന് കുട്ടികളുടെ റിയലിസ്റ്റിക്കായ അഭിനയമുഹൂർത്തങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ നവാഗതനായ ജൊനാഥൻ ബ്രൂസ് കൗതുകം ജനിപ്പിക്കുന്നതും ഒപ്പം ചടുലവുമായ സംഗീതമൊരുക്കി ചിത്രം മികച്ചൊരു തിയേറ്റർ എക്സീപീരിയൻസ് ആക്കിയിരിക്കുകയാണ്.

 

മലയാളത്തിൽ മുമ്പ് കണ്ടിട്ടുള്ള തറവാടും അവിടെയുള്ള ആളുകളും ഒക്കെയായി എളുപ്പത്തിൽ ക്ലീഷേയിലേക്ക് പോകാൻ സാധ്യതയുള്ളൊരു പശ്ചാത്തലത്തെ വളരെ വ്യത്യസ്തമായി അണിയറക്കാര്‍ ട്രീറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് ‘ഗു’വിനെ വേറിട്ട് നിർത്തുന്നത്. ഇതുവരെ മലയാളത്തിൽ പറഞ്ഞിട്ടില്ലാത്തൊരു പ്രമേയമാണ് സിനിമയുടേത്. ഗുളികന്‍റെ സഞ്ചാരവും വരുത്തുപോക്കുമൊക്കെ ഏറെ ആസ്വാദ്യകരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മുത്തശ്ശി കഥകളിൽ കേട്ടിട്ടുള്ള അരൂപികളുടെ ലോകത്തെ പറ്റിയുള്ള സൂചനകളുമൊക്കെ ചിത്രത്തിലുണ്ട്. കുട്ടികള്‍ക്കും കൂട്ടുകുടുംബങ്ങളുടെ ഗൃഹാതുര സ്മരണകൾ ഉള്ളിൽ കൊണ്ടുനടക്കുന്നവർക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിയുന്നതുമാണ് ചിത്രം.

അറുകൊല, ചാത്തൻ, മാട, മറുത, ഗുളികൻ അങ്ങനെ ഒരു നൂറായിരം പേടികളുടെ കൂട്ടുപിടിച്ചാണ് സിനിമയുടെ സഞ്ചാരം. ഓരോ സെക്കൻഡിലും പ്രേക്ഷകരിൽ ഭയം നിറയ്ക്കുന്ന വിധം ക്യാമറയും ശബ്‍ദവും സെറ്റുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്. തീർച്ചയായും മലയാളത്തിലെ എണ്ണം പറഞ്ഞ ഹൊറർ സിനിമകളിലേക്ക് ചേർത്തുവയ്ക്കാവുന്ന സിനിമ തന്നെയാണ് ‘ഗു’. മനു രാധാകൃഷ്ണൻ എന്ന നവാഗത സംവിധായകന്‍റെ മികച്ച സംവിധാനം, ചന്ദ്രകാന്ത് മാധവന്‍റെ മനോഹരമായ ഛായാഗ്രഹണം വിനയൻ എം.ജെയുടെ ചടുലമായ ചിത്ര സംയോജനം, ത്യാഗു തവന്നൂരിന്‍റെ മികവാർന്ന കലാസംവിധാനം ഇവയൊക്കെ ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഹൊറർ ചിത്രങ്ങളിൽ എക്കാലത്തും ഏറെ ഫാൻ ഫോളോയിംഗുള്ള ‘അനന്തഭദ്ര’ത്തിന് ശേഷം വീണ്ടും വ്യത്യസ്തമായ ഒരു ഹൊറർ ചിത്രം മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ് മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ്.